മണ്ണാർക്കാട് പൂരം: കൂട്ടുവിളക്ക് ആഘോഷിച്ചു

Monday 06 March 2023 12:51 AM IST

മണ്ണാർക്കാട്: അരകുർശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിൽ അഞ്ചാം പൂരനാളിൽ നടന്ന കൂട്ടുവിളക്ക് ആഘോഷമായി. രാവിലെ ഒമ്പത് മുതൽ 12വരെ ആറാട്ടെഴുന്നെള്ളിപ്പ്, മേളം നാദസ്വരം എന്നിവയുണ്ടായി. മൂന്ന് ഗജവീരന്മാരുടേയും വാദ്യാഘോഷങ്ങളുടേയും അകമ്പടിയോടെയായിരുന്നു ആറാട്ടെഴുന്നെള്ളിപ്പ്. ഉച്ച തിരിഞ്ഞ് മൂന്നിന് ഓട്ടൻ തുള്ളൽ, അഞ്ചിന് നാദസ്വരം, ആറിന് തായമ്പക, ശേഷം കൊമ്പ് പറ്റ്, കുഴൽപറ്റ്, രാത്രി എട്ടിന് നാടൻപാട്ടും അരങ്ങേറി. 10ന് ആറാട്ടെഴുന്നെള്ളിപ്പ്, മേളം, ഇടയ്ക്ക പ്രദക്ഷിണവുമുണ്ടായി. അട്ടപ്പാടിയിൽ നിന്നും ഗോത്ര ജനതയും ചുരമിറങ്ങി പൂരം കൂടാൻ മണ്ണാർക്കാടെത്തിയിട്ടുണ്ട്. ഇനി ചെട്ടിവേല കഴിഞ്ഞേ ഇവർ മടങ്ങൂ. കഴിഞ്ഞ രണ്ട് വർഷങ്ങളേയും അപേക്ഷിച്ച് വൻജന തിരക്കാണ് പൂരനാളുകളിൽ അനുഭവപ്പെടുന്നത്. ജെയിന്റ് വീൽ അടക്കമുള്ള വിനോദോപാധികളും കളിക്കോപ്പു വിൽപ്പന കടകളും മറ്റുമെല്ലാമായി പൂരനഗരിയും സജീവമാണ്. ആറാംപൂര നാളായ ഇന്ന് ചെറിയ ആറാട്ട് നടക്കും. രാവിലെയും രാത്രിയിലും ആറാട്ടെഴുന്നെള്ളിപ്പ് മേളം, നാദസ്വരം, ഇടയ്ക്ക പ്രദക്ഷിണം എന്നിവ നടക്കും. രാവിലെ 9ന് ക്ഷേത്രാങ്കണത്തിൽ ആനച്ചമയ പ്രദർശനം നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ഓട്ടൻതുള്ളൽ, വൈകീട്ട് അഞ്ചിന് നാദസ്വരം,ആറിന് തായമ്പക ശേഷം കൊമ്പ് പറ്റ്, കുഴൽപറ്റ്, രാത്രി എട്ടിന് ഗാനമേളയുമുണ്ടാകും. ഏഴാംപൂരമായ തിങ്കളാഴ്ചയാണ് വലിയാറാട്ട്.