മന്ത്രിയുടെ പ്രഖ്യാപനം വെറുതേ കുടിവെള്ള ടെൻഡർ വാട്ടർ അതോറിട്ടി ഔട്ട്

Sunday 05 March 2023 1:11 AM IST

തിരുവനന്തപുരം: കുടിവെള്ള വിതരണം സ്വകാര്യകമ്പനിയെ ഏല്പിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും കൊച്ചി കോർപ്പറേഷനിലെ കുടിവെള്ള വിതരണത്തിന് സ്വകാര്യ ഏജൻസികളെ ക്ഷണിച്ചുകൊണ്ട് ടെൻഡറായി. വായ്പ തരുന്ന എ.ഡി.ബിയുടെ നിബന്ധന പ്രകാരമാണ് വാട്ടർ അതോറിട്ടിയുടെ ഇ-ടെൻഡർ.

കൊച്ചി കോർപ്പറേഷനിൽ വാട്ടർ അതോറിട്ടിയുടെ നാല് സബ് ഡിവിഷനുകളാണുള്ളത്. ഓരോ ഡിവിഷനും അസിസ്റ്റന്റ് എൻജിനിയറെയും അനുബന്ധ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. എന്നാൽ, ഇവരെ ചുമതലയിൽ നിന്നൊഴിവാക്കി വാട്ടർ അതോറിട്ടിയിൽ തന്നെ പുനഃക്രമീകരിക്കുമെന്നും കരാറെടുക്കുന്ന കമ്പനിക്ക് ഉദ്യോഗസ്ഥരുടെ സേവനങ്ങൾ ലഭിക്കില്ലെന്നുമാണ് ടെൻഡറിലെ 'എംപ്ളോയേഴ്സ് റിക്വയർമെന്റ്സ്" എന്ന ഭാഗത്ത് പറയുന്നത്. ഇതോടെ പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്ന ചുമതല മാത്രമായിരിക്കും വാട്ടർ അതോറിട്ടിക്ക്. ഏപ്രിൽ 26 വരെ ഇ -ടെൻഡറുകൾ സമർപ്പിക്കാം. കമ്പനിയെ നിശ്ചയിച്ച ശേഷം വായ്‌പാവ്യവസ്ഥകൾ സംബന്ധിച്ച് എ.ഡി.ബിയും സർക്കാരും ചർച്ച നടത്തും. നിലവിൽ 2 ശതമാനം പലിശയ്ക്ക് വായ്‌പ നൽകാനാണ് തത്വത്തിൽ ധാരണയായിട്ടുള്ളത്. 2,510 കോടിയുടെ പദ്ധതിയുടെ ആദ്യഘട്ടം കൊച്ചിയിലാണ് നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തിലാണ് തിരുവനന്തപുരം.

 9 സോണുകൾ കൊച്ചി കോർപ്പറേഷനിലെ കലൂർ, കരുവേലിപ്പടി, പള്ളിമുക്ക്, വൈറ്റില എന്നീ നാല് സബ് ഡിവിഷനുകളെ ഒമ്പത് സോണുകളാക്കിയാണ് പദ്ധതി നടപ്പാക്കുക. ഇതിൽ പള്ളിമുക്ക് സബ് ഡിവിഷനിൽ മൂന്ന് സോണുകളും മറ്റുള്ളവ രണ്ട് സോണുകൾ വീതവുമായിരിക്കും. പുതിയ പ്ളാന്റുകളുണ്ടാവില്ല,​ വിതരണശൃംഖല മെച്ചപ്പെടുത്തും. ആകെയുള്ള 12.62 ലക്ഷം മീറ്റർ പൈപ്പ് ലൈനിൽ 7.05 ലക്ഷം മീറ്ററും പുതുക്കണമെന്നാണ് ടെൻഡറിൽ പറയുന്നത്.

പദ്ധതിയിൽ ഇവ

 ലൈനുകളിലെ ചോർച്ച പരിഹരിച്ച് ജലനഷ്ടം കുറയ്‌ക്കും

 പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണി

 കേടായ മീറ്ററുകൾ മാറ്റിവയ്ക്കൽ

 ആലുവ പ്ളാന്റിന്റെ നവീകരണം

1045 കോടി ചെലവ് 10 വർഷം കാലാവധി

കൊച്ചിയിലെ കണക്ഷനുകൾ (2017 ആധാരമാക്കി) 1,46,685 ആകെ കണക്ഷൻ

1,26,085 ഗാർഹികം

229 ഗാർഹികേതരം 20,249 വ്യാവസായികം

121 സ്പെഷ്യൽ

73,564,508 ക്യു. മീറ്റർ പ്രതിവർഷ ജലഉത്പാദനം

കൊച്ചി കോർപ്പറേഷന്റെ വരുമാനം 2020- 21: 79 കോടി 2021-22 - 80 കോടി 2022- 23 - 70 കോടി