ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് കാലംചെയ്തു
കൊല്ലം: ലത്തീൻ സഭ കൊല്ലം രൂപതാ മുൻ അദ്ധ്യക്ഷൻ ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് കാലംചെയ്തു. 98 വയസായിരുന്നു. ഇന്നലെ രാവിലെ 9.30ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ രാവിലെ 10ന് തങ്കശേരി കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.
ബിഷപ്പ് വിശ്രമജീവിതം നയിച്ചിരുന്ന ഉമയനല്ലൂർ എം.എസ്.എസ്.ടി ജനറലേറ്റ് ചാപ്പലിൽ നടന്ന അനുസ്മരണ ദിവ്യബലിക്ക് ശേഷം ഭൗതികദേഹം വിലാപയാത്രയായി തങ്കശേരി ബിഷപ്പ് ഹൗസ് ചാപ്പലിലും തങ്കശേരി കത്തീഡ്രൽ ദേവാലയത്തിലും പൊതുദർശനത്തിന് വച്ചു.
ജീവിത ലാളിത്യത്തിന്റെയും വിശാലമായ സൗഹൃദങ്ങളുടെയും ഉടമയായിരുന്ന ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് 23 വർഷം കൊല്ലം രൂപതയെ നയിച്ചു. 1978 മാർച്ച് 31നാണ് കൊല്ലം രൂപതാ ബിഷപ്പായി നിയോഗിതനായത്. 2001 ഡിസംബർ 16 വരെ രൂപതാ അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്നു. അധികാര വികേന്ദ്രീകരണത്തിലൂടെയും വ്യക്തികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകിയും രൂപതയെ വളർച്ചയിലേക്ക് നയിച്ചു.
മരുതൂർകുളങ്ങര പണ്ടാരത്തുരുത്തിൽ ഗബ്രിയേൽ ഫെർണാണ്ടസ് - ജോസഫിനാ ദമ്പതികളുടെ മകനായി 1925 സെപ്തംബർ 16നായിരുന്നു ജനനം. ചെറിയഴീക്കൽ, കോവിൽത്തോട്ടം, ശങ്കരമംഗലം, കൊല്ലം സെന്റ് അലോഷ്യസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1939ൽ കൊല്ലം സെന്റ് റാഫേൽ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി. കൊല്ലം സെന്റ് തെരേസാ സെമിനാരിയിലും മംഗലപ്പുഴ, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പഠനം പൂർത്തിയാക്കി. ശക്തികുളങ്ങര, ചാരുംമൂട് ഇടവകകളിൽ അസി. വികാരിയായും കണ്ടച്ചിറ, മങ്ങാട്, ക്ളാപ്പന, ഇടമൺ എന്നിവിടങ്ങളിൽ വികാരിയായും ബിഷപ്പ് സെക്രട്ടറി, രൂപതാ ചാൻസലർ തുടങ്ങിയ ശുശ്രൂഷകളും നിർവഹിച്ചു.
കെ.സി.ബി.സി വൈസ് ചെയർമാൻ, സി.ബി.സി.ഐ ഹെൽത്ത് കമ്മിഷൻ ചെയർമാൻ, ആലുവ പൊന്തിഫിക്കൽ സെമിനാരി എപ്പിസ്കോപ്പൽ കമ്മിഷൻ ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.