മുഖ്യമന്ത്രിയുടെ പരിപാടി: 3 വിദ്യാർത്ഥികളെ കരുതൽ തടങ്കലിലാക്കി

Sunday 05 March 2023 1:23 AM IST

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നതിന് മുമ്പായി മൂന്ന് എം.എസ്.എഫ് വിദ്യാർത്ഥികളെ പൊലീസ് കരുതൽ തടങ്കലിലാക്കി. കറുപ്പുവസ്ത്രം ധരിച്ചെത്തിയ കെ.എസ്.യു പ്രവർത്തകരായ 5വിദ്യാർത്ഥിനികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

എം.എസ്.എഫ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് റഹീസ് ആലുങ്ങൽ, ഹരിത സംസ്ഥാന കമ്മിറ്റി അംഗം ടി.പി.ഫിദ, യൂണിവേഴ്സിറ്റി കാമ്പസ് യൂണിറ്റ് സെക്രട്ടറി മറിയം റഷീദ എന്നിവരെയാണ് തേഞ്ഞിപ്പലം പൊലീസ് കരുതൽ തടങ്കലിലാക്കിയത്.

കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരുന്നത്. പ്രധാന കവാടത്തിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചു. കോഹിനൂരിൽ നിന്ന് തുടങ്ങിയ യൂത്ത് കോൺഗ്രസ് ബ്ലാക്ക് മാർച്ച് പ്രധാനഗേറ്റിൽ എത്തിയപ്പോൾ പൊലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി പോകും വരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.