ജീപ്പ് മുന്നോട്ട് നീങ്ങി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
അഗളി: നിറുത്തിയിട്ട ജീപ്പ് മുന്നോട്ട് നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞ് കുടുംബശ്രീ ജീവനക്കാരിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സഹജീവനക്കാരി അന്നപൂർണയെ ഗുരുതര പരിക്കുകളോടെ പാലക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗളി താഴെ ഊരിലെ രാമുവിന്റെ ഭാര്യ വിദ്യ (27) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം.
അഗളി കിലയുടെ ഓഫീസിന് മുന്നിലെ ഇറക്കത്തിൽ നിറുത്തിയിട്ടിരുന്ന ജീപ്പ് തനിയെ മുന്നോട്ട് നീങ്ങി തട്ടുതട്ടുകളായുള്ള താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഉടനെ വിദ്യയെയും അന്നപൂർണയെയും കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യയുടെ ജീവൻ രക്ഷിക്കാനായില്ല. അന്നപൂർണയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കുടുംബശ്രീയിലെ ഡാറ്റാ എൻട്രി ഓപ്പറേറ്ററായ വിദ്യയും സഹപ്രവർത്തക അന്നപൂർണയും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ജീപ്പിൽ കയറിയതാണ്. മറ്റെന്തോ ആവശ്യത്തിനായി ഡ്രൈവർ ഓഫീസിലേക്ക് പോയപ്പോഴാണ് വാഹനം മുന്നോട്ടേക്ക് നീങ്ങിയത്. അഗളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.