നാലാം ടെസ്റ്റിലും സ്മിത്ത് നയിച്ചേക്കും
അഹമ്മദാബാദ് : സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിച്ച സ്റ്റീവ് സ്മിത്ത് അഹമ്മദാബാദിൽ ഈ മാസം ഒൻപതിന് തുടങ്ങുന്ന നാലാം ടെസ്റ്റിലും ക്യാപ്ടനായേക്കും. കുടുംബപരമായ ആവശ്യങ്ങൾക്കായി കമ്മിൻസ് രണ്ടാം ടെസ്റ്റിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നാം ടെസ്റ്റിന് ശേഷം തിരികെയെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് വൈകുമെന്നാണ് സൂചന.
പാറ്റ് കമ്മിൻസ് നയിച്ച രണ്ട് മത്സരങ്ങളിലും ഓസീസ് തോറ്റിരുന്നു. തുടർന്നാണ് ഇൻഡോറിൽ നയിച്ച സ്മിത്ത് ഒൻപത് വിക്കറ്റ് വിജയവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബർത്തും സമ്മാനിച്ചത്. 2014 മുതൽ 2018വരെ ഓസീസ് ക്യാപ്ടനായിരുന്ന സ്മിത്ത് സാൻഡ്പേപ്പർ ഗേറ്റ് വിവാദത്തെത്തുടർന്നാണ് നായകസ്ഥാനമൊഴിഞ്ഞത്. വിലക്കിന് ശേഷം തിരിച്ചെത്തിയെങ്കിലും നായകനാക്കിയിരുന്നില്ല.
അതേസമയം വ്യാഴാഴ്ച തുടങ്ങുന്ന നാലാം ടെസ്റ്റ് ഇന്ത്യയ്ക്ക് നിർണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചാലേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ അവസരം ലഭിക്കുകയുള്ളൂ. ആദ്യ രണ്ട് ടെസ്റ്റുകളിലും സ്പിൻ പിച്ചുകളൊരുക്കി ഓസീസിനെ വീഴ്ത്തിയ ഇന്ത്യ ഇൻഡോറിൽ അതേസ്പിൻ പിച്ചിൽ തകർന്നടിയുകയായിരുന്നു.