ശിക്കാര വള്ളം മുങ്ങി, അപകടം ഒഴിവായി
കൊല്ലം: കായലിൽ മുങ്ങിത്താണ ശിക്കാര വള്ളത്തിലെ യാത്രക്കാരായ എട്ടംഗ കുടുംബത്തെ സർവീസ് ബോട്ടിലെത്തിയ സംഘം രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പെരിങ്ങാലത്തിനും കോയിവിളക്കും ഇടയിലായിരുന്നു അപകടം.
ഉല്ലാസ യാത്രക്കിറങ്ങിയ എട്ടംഗ കുടുംബത്തിൽ മൂന്നുമാസം പ്രായമുളള കൈക്കുഞ്ഞും മറ്റ് മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനും ജീവനക്കാരും ഉണ്ടായിരുന്നു. ബോട്ടുടമ കാരാളി മുക്കിന് സമീപം പട്ടക്കടവിലുള്ള രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇദ്ദേഹത്തിന്റെ വീട്ടിൽ വിരുന്നിന് എത്തിയവരാണ് ബോട്ടിലുണ്ടായിരുന്നവർ. ഉച്ചക്ക് ശേഷം ചേരിയിൽ കടവിലേക്ക് ഉല്ലാസ യാത്ര പോവുകയായിരുന്നു സംഘം. പെട്ടെന്ന് ബോട്ട് ഉലഞ്ഞ് ഉള്ളിൽ വെള്ളം കയറുകയായിരുന്നു. ബോട്ട് പകുതിയോളം വെള്ളത്തിൽ മുങ്ങിത്താണു. ബോട്ടിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി ബഹളം കൂട്ടി. ഡ്രൈവർ ആഷ്ലിൽ മാൻ ഹോൾ തുറന്ന് ഉള്ളിൽ കയറിയ വെള്ളം ഒഴുക്കി കളഞ്ഞു. ബോട്ട് വെള്ളത്തിൽ മുങ്ങുന്നത് സമീപത്തുകൂടി പോയിരുന്ന യാത്രാ ബോട്ട് കാണുകയും അവർ എത്തി യാത്രക്കാരെ അതിലേക്ക് മാറ്റി. സർവീസ് ബോട്ടിലുണ്ടായിരുന്ന സാമുവേൽ, രാജു, അജയകുമാർ, ക്യഷ്ണൻകുട്ടി, ആദർശ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
യാത്രക്കാർ എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അത്യാഹിതം ഒഴിവായി. ബോട്ടിന്റെ തകരാറും പെട്ടെന്നുണ്ടായ കാറ്റുമാണ് ബോട്ട് മുങ്ങാൻ കാരണമായി പറയുന്നത്. തെക്കുംഭാഗം പൊലീസ് ബോട്ട് ഡ്രൈവർക്കെതിരെ കേസെടുത്തു.