പൊടിപൊടിച്ച് വണ്ടിക്കച്ചവടം, 2022 ഫെബ്രുവരിയേക്കാൾ 17 ശതമാനം വില്പനവളർച്ച
കൊച്ചി: ഉപഭോക്താക്കളിൽ നിന്ന് മികച്ച ഡിമാൻഡ് ലഭിക്കുകയും ആനുപാതികമായി വിതരണം മെച്ചപ്പെടുകയും ചെയ്‌തതോടെ ഫെബ്രുവരിയിൽ ആഭ്യന്തര മൊത്തവാഹന വിപണി കാഴ്ചവച്ചത് മികച്ച മുന്നേറ്റം. കാറും വാനും എസ്.യു.വികളും ഉൾപ്പെടുന്ന പാസഞ്ചർ വാഹനവിപണി 2022 ഫെബ്രുവരിയേക്കാൾ 17 ശതമാനം വില്പനവളർച്ചയാണ കുറിച്ചത്. 2,98,093 പാസഞ്ചർ വാഹനങ്ങളാണ് പുതുതായി ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്ക് എത്തിയതെന്ന് നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം) വ്യക്തമാക്കി. ഇതിൽ ടാറ്റാ മോട്ടോഴ്‌സിന്റെ വില്പനക്കണക്ക് ഉൾപ്പെടുന്നില്ല. ടൂവീലർ വില്പന ഫെബ്രുവരിയിൽ 3.8 ശതമാനം ഉയർന്നു. പുതുതായി 11.84 ലക്ഷം ടൂവീലറുകളാണ് ഡീലർഷിപ്പുകളിലെത്തിയത്. സ്കൂട്ടർ വില്പന 4 ശതമാനം മെച്ചപ്പെട്ട് 3.76 ലക്ഷത്തിലെത്തി; മോട്ടോർസൈക്കിൾ വില്പന 3.7 ശതമാനം വർദ്ധിച്ച് 7.71 ലക്ഷം യൂണിറ്റുകളായി. മുച്ചക്രവാഹന വിപണി കഴിഞ്ഞമാസം ഇരട്ടിയോളം ഉയർന്ന് 48,903 യൂണിറ്റുകളിലെത്തി.