ബലമായി ചുംബിച്ചു; ചിത്രംകാട്ടി സഹപാഠിയെ പീഡിപ്പിച്ചെന്ന് കേസ്
കൊച്ചി: ബലംപ്രയോഗിച്ച് ചുംബിച്ച ചിത്രം രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ സഹപാഠി ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കി. കൊച്ചിൻ യൂണിവേഴ്സിറ്റിലെ വിദ്യാർത്ഥിനിയായ കോഴിക്കോട് സ്വദേശിയാണ് പീഡനത്തിന് ഇരയായത്. വഴങ്ങാതിരുന്നപ്പോൾ ക്രൂരമർദ്ദനവും ഏൽക്കേണ്ടിവന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ ആലപ്പുഴ സ്വദേശി അബ്ദുൾ കലാമിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാണെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽ സ്വിച്ച് ഓഫാണ്. കളമശേരി പൊലീസ് രജിസ്റ്രർ ചെയ്തകേസ് എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷിക്കുന്നത്.
ഏതാനും മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കൊവിഡിനെ തുടർന്ന് ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനിടെയാണ് യുവതിയുമായി സഹപാഠി സൗഹൃദം സ്ഥാപിക്കുന്നത്. കാപ്പി കുടിക്കാൻ വിളിച്ചുവരുത്തിയ വിദ്യാർത്ഥിനിയെ കാറിൽ വച്ചാണ് ചുംബിച്ചത്. ഈ ചിത്രങ്ങൾകാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ കുസ്റ്രാറ്റ് കാമ്പസ്, ഷൊർണൂർ, ഫോർട്ടുകൊച്ചി, കാക്കനാട് എന്നിവിടങ്ങളിൽ എത്തിച്ചാണ് ഇയാൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ദുരിതം സഹിക്കവയ്യാതെ വിദ്യാർത്ഥിനി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.