പഠിച്ചാലും പണിയർക്ക് കഞ്ഞി കുമ്പിളിൽ തന്നെ
ബിരുദവും ബിരുദാനന്തര
ബിരുദവും നേടിയവർ നിരവധി
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ പണിയർ സമുദായക്കാർക്ക് സർക്കാർ തൊഴിലവസരങ്ങൾ നിഷേധിക്കുന്നതായി ആരോപണം. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയാലും പി.എസ്.സി വിജ്ഞാപനം കൃത്യമായി അറിയിക്കാത്തതിനാൽ പലർക്കും സർക്കാർ ജോലി നഷ്ടപ്പെടുകയാണ്. അർഹരായിട്ടും അവസരങ്ങൾ ലഭിക്കാതെ കുടുംബം പോറ്റാൻ കൂലിപണിക്ക് പോവുകയാണെന്ന് പണിയ വിഭാഗത്തിലെ വിദ്യാസമ്പന്നർ പറയുന്നു. എം.എ, എം.എസ്.സി, എം.എസ്.ഡബ്ല്യു, എംകോം കഴിഞ്ഞ നിരവധി പേരാണ് കൂലിപ്പണിയുമായി കഴിയുന്നത്. ജോലിയിൽ സംവരണമുണ്ടെങ്കിലും എസ്.ടി വിഭാഗത്തിലെ കുറുമ സമുദായക്കാർക്കാണ് കൂടുതൽ തൊഴിലവസരങ്ങൾ കിട്ടുന്നതെന്നാണ് ഇവരുടെ ആരോപണം. പണിയർക്കും കുറുമർക്കും പുറമെ വയനാട്ടിൽ എസ്.ടി വിഭാഗത്തിൽ വരുന്നവരാണ് അടിയർ, നായ്ക്കർ, ചോലനായ്ക്കർ, ഊരാളിമാർ എന്നിവർ. എന്നാൽ ഈ സമുദായക്കാർ നാമാത്രമാണ്. ഒരു വർഷം പണിയ വിഭാഗത്തിൽ നിന്ന് മാത്രം നാൽപ്പതോളം പേരാണ് ജില്ലയിൽ ചെതലയത്തുള്ള ട്രൈബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞിറങ്ങുന്നത്. ഇവരിൽ സർക്കാർ ജോലി നേടുന്നവരാകട്ടെ വെറും നാമമാത്രം. ബാക്കിയുള്ളവർ മറ്റുള്ളവരുടെ കൃഷിയിടത്തിലും വീടുകളിലും കൂലിപ്പണിയെടുത്ത് കഴിയുകയാണ്. എസ്.ടി വിഭാഗത്തിലെ എല്ലാ സമുദായങ്ങൾക്കിടയിലും സർക്കാർ ജോലി സംബന്ധമായ അറിയിപ്പ് കൃത്യമായി ലഭ്യമാക്കാൻ വേണ്ട നടപടി ട്രൈബൽ വകുപ്പ് കൈകൊള്ളണമെന്നാണ് ഇവരുടെ ആവശ്യം.
ജില്ലയിൽ ഭൂരിപക്ഷമുള്ള പണിയ വിഭാഗത്തിന് ജോലി കിട്ടാതെ പോകുന്നതിന് പ്രധാന കാരണം ഉദ്യോഗ നിയമനത്തെപ്പറ്റിയുള്ള അറിയിപ്പ് കൃത്യമായി കിട്ടാത്തതാണ്. നിയമനം സംബന്ധിച്ച വിജ്ഞാപനം വരുന്നതോടെ പ്രമോട്ടർമാർ അവർക്ക് വേണ്ടപ്പെട്ട ആളുകളെ വിവരം അറിയിക്കുന്നു. ജോലിക്ക് ആളെ വിളിച്ചിട്ടുണ്ടെന്ന് കേട്ടറിഞ്ഞ് ചെല്ലുമ്പോഴേക്കും അപേക്ഷിക്കേണ്ട തിയതി കഴിഞ്ഞിരിക്കും'. നിഷ, എം.എ സോഷ്യോളജി ബിരുദധാരി, ബമ്മഥൻപാളി കോളനി
ബമ്മഥൻപാളി കോളനിയിലെ നിഷ കോളനിയിലെ കുട്ടികൾക്ക് ക്ലാസെടുക്കുന്നു.