യന്തിരൻ കൊമ്പൻ 'രാഷ്ട്രീയ'ത്തിലും

Monday 06 March 2023 12:00 AM IST

തൃശൂർ: യന്തിരൻ കൊമ്പൻ 'ഇരിഞ്ഞാടപ്പിള്ളി രാമൻ' രാഷ്ട്രീയവേദികൾക്കും ആനച്ചന്തമാകുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര ഇന്നലെ ഇരിങ്ങാലക്കുടയിൽ സമാപിച്ചപ്പോൾ,വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 'ഇരിഞ്ഞാടപ്പിള്ളി രാമനും' ജാഥയ്ക്ക് കൊഴുപ്പേകാനെത്തി.

ക്ഷേത്രങ്ങൾക്ക് പിന്നാലെ രാഷ്ട്രീയ പ്രചാരണവേദികളിലും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആനയെത്തിയത് കൗതുകമായി. കഴിഞ്ഞദിവസം കുന്നംകുളം കാണിയാമ്പാൽ ദണ്ഡായുധപാണി ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് കൊണ്ടുവന്നത് രാമനെയായിരുന്നു. ആനയ്ക്ക് ഏക്കം കൊടുക്കാൻ പണമില്ലാത്തതിനാലാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ ക്ഷണിച്ചത്.

കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മേളത്തിന്റെ അകമ്പടിയോടെ തിടമ്പേറ്റിയതോടെയാണ് ഈ ആന വൈറലായത്. ആനപ്രേമികളിൽ നിന്ന് ട്രോളുകളും പരിഹാസങ്ങളും തുടരുമ്പോൾ രാമനും ആരാധകരായി തുടങ്ങി. യന്ത്രആനകളെ ഉപയോഗിച്ചാൽ ഉത്സവാഘോഷങ്ങളിൽ ആനകൾ തന്നെ ഇല്ലാതാകുന്ന നിലയിലെത്തുമെന്നും ആചാരാനുഷ്ഠാനം ഇല്ലാതാകുമെന്നും തൊഴിലില്ലാതാകുമെന്നുമായിരുന്നു ആനപ്രേമിസംഘം ചൂണ്ടിക്കാട്ടിയത്. എന്നാൽ,ആചാരാനുഷ്ഠാനങ്ങൾ എളുപ്പമാക്കാൻ വൈദ്യുതീകരണവും കമ്പ്യൂട്ടർവത്കരണവും നടക്കുമ്പോൾ യന്ത്രആനകളുമാകാം എന്നാണ് മൃഗസംരക്ഷണ സംഘടനകളുടെ വാദം.

യന്ത്രആനയുടെ തലയും കണ്ണും വായും ചെവിയും വാലും അഞ്ച് മോട്ടോർ ഉപയോഗിച്ച് വൈദ്യുതിയിൽ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ്. തുമ്പിക്കൈ പാപ്പാന് നിയന്ത്രിക്കാം. ന്യൂഡൽഹിയിലെ പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് അനിമൽസ് എന്ന മൃഗസംരക്ഷണ സംഘടനയാണ് 5ലക്ഷം രൂപയ്ക്ക് ആനയെ വാങ്ങിനൽകിയത്.

ക്ഷേത്രോത്സവങ്ങളിലേക്കും പൊതുപരിപാടികളിലേക്കും 'ഇരിഞ്ഞാടപ്പിള്ളി രാമനെ' കൂടുതൽ പേർ ക്ഷണിക്കുന്നുണ്ട്. ലോറിയിൽ കൊണ്ടുപോകാനുള്ള ചെലവ് വഹിച്ചാൽ മതിയാകും. വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്.

രാജ്കുമാർ

ട്രസ്റ്റി ഇരിഞ്ഞാടപ്പിള്ളി ക്ഷേത്രം