തൊണ്ടിമ്മൽ എൽ.പി.സ്കൂളിലെ രണ്ടു പേർക്ക് എൻഡോവ്മന്റ് നൽകും

Monday 06 March 2023 1:15 AM IST
തൊണ്ടിമ്മൽ ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് എൻഡോവ്മൻ്റ് നൽകൽ തീരുമാനം രേഖ കൈമാറുന്ന ചടങ്ങ്

മുക്കം: തൊണ്ടിമ്മൽ ഗവ.എൽ.പി സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് 2000 രൂപ വീതം എൻഡോവ്മെന്റ് സ്കോളർഷിപ്പ് നൽകാൻ തീരുമാനം.

നാട്ടുകാർക്ക് വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ സ്വന്തം ചെലവിൽ സ്കൂളുകൾ സ്ഥാപിച്ച വ്യക്തിയായിരുന്ന പെരുമ്പടപ്പിൽ കേളുക്കുട്ടിയുടെ സ്മരണാർത്ഥം മകൾ കുട്ടംപൊയിൽ പെരുമ്പടപ്പിൽ സാവിത്രിയാണ് എൻഡോവ്മന്റ് നൽകാനുള്ള തീരുമാനം അറിയിച്ചത്.നാലാം ക്ലാസ് പഠനം പൂർത്തിയാക്കുന്നവരിൽ നിന്ന് പ്രത്യേക മാനദണ്ഡപ്രകാരം തിരഞ്ഞെടുക്കുന്ന ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കുമാണ് എൻഡോവ്മന്റ് നൽകുക. മുത്തേരി ഗവ.യു.പി.സ്കൂളിലും ഇവർ എൻഡോവ്മന്റ് നൽകുന്നുണ്ട്. തീരുമാനം അവർ സ്കൂളധികൃതരെ രേഖാമൂലം അറിയിക്കുകയായിരുന്നു. രേഖ കൈമാറുന്ന ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപിക കെ.എസ്.രഹനമോൾ, അദ്ധ്യാപകൻ കെ.അഹമ്മദ് ഷാഫി, പി.ടി.എ പ്രതിനിധികളായ എം. ഗോപിനാഥ്, ജയചന്ദ്രൻ സ്രാമ്പിക്കൽ എന്നിവർ പങ്കെടുത്തു.