അവസാന നിമിഷം ആഴ്സനൽ ജയം

Sunday 05 March 2023 10:57 PM IST

ലണ്ടൻ: ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ബേൺമൗത്തിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം നേടിയ ഗോളിലൂടെ 3-2ന്റെ വിജയം കുറിച്ച് ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു. കളി തുടങ്ങി ഒരു മിനിട്ട് തികയും മുന്നേ ഗോളടിച്ച് ബേൺമൗത്ത് ഞെട്ടിച്ച മത്സരത്തിൽ ഫൈനൽ വിസിലിന് തൊട്ടുമുമ്പുവരെ 2-2ന് സമനിലയായിരുന്നു.എന്നാൽ ഇൻജുറി ടൈമിന്റെ ഏഴാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് കിട്ടിയ പന്ത് റെയ്സ് നെൽസൺ ബേൺമൗത്തിന്റെ വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ കഥ മാറുകയായിരുന്നു.

ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മത്സരം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ കിക്കോഫിൽ നിന്ന് കിട്ടിയ പന്തിൽ നിന്ന് ഗോളടിച്ച് ഫിലിപ്പ് ബില്ലിംഗ് ആഴ്സനലിനെ ഞെട്ടിച്ചിരുന്നു. ആദ്യ പകുതിയിൽ ഈ ഗോളിന് മുന്നിട്ടുനിന്ന ബേൺമൗത്ത് 57-ാം മിനിട്ടിൽ മാർക്കോസ് സെൻസിയിലൂടെ വീണ്ടും വലകുലുക്കി. എന്നാൽ ആഴ്സനലിന്റെ ഗംഭീര തിരിച്ചുവരവിനാണ് പിന്നീട് ഗാലറി സാക്ഷ്യം വഹിച്ചത്. 62-ാം മിനിട്ടിൽ തോമസ് പാർട്ടിയാണ് ആഴ്സനലിന്റെ ആദ്യ ഗോൾ തിരിച്ചടിച്ചത്. 70-ാം മിനിട്ടിൽ ബെൻ വൈറ്റ് സമനില പിടിച്ചു. ഇൻജുറി ടൈമിലേക്ക് കടന്നപ്പോഴും സമനില പ്രതീക്ഷിച്ചുനിന്ന ബേൺമൗത്തിനെ അമ്പരപ്പിച്ചുകൊണ്ടാണ് റെയ്സ് നെൽസൺ വിജയഗോളടിച്ചത്.

ഈ വിജയത്തോടെ ആഴ്സനലിന് 26 മത്സരങ്ങളിൽ നിന്ന് 63 പോയിന്റായി. 58 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ രാത്രി നടന്ന മറ്റൊരുമത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ 1-0ത്തിന് തോൽപ്പിച്ച ചെൽസി 34 പോയിന്റുമായി 10-ാം സ്ഥാനത്താണ്.