ദൈവമാതാവിന്റെ ഗ്രോട്ടോ വെഞ്ചരിച്ചു

Monday 06 March 2023 12:55 AM IST

പത്തനംതിട്ട: പുത്തൻപീടിക ഗാർഡിയൻ എയ്ഞ്ചൽസ് ലാറ്റിൻ കാത്തലിക് പള്ളിയിൽ പുതുതായി നിർമ്മിച്ച ദൈവമാതാവിന്റെ ഗ്രോട്ടോ വെഞ്ചരിച്ചു. പുനലൂർ രൂപതാമെത്രാൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ വെഞ്ചരിപ്പ് ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ ദേവാലയങ്ങൾ പൊതു സമൂഹത്തിന്റേതാണ്. അവിടേക്ക് എത്തിച്ചേരുന്ന ഏവരെയും സ്വാഗതം ചെയ്യണം എന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇടവക വികാരി ഫാ.ലോറൻസ് തയ്യിൽ, ഫാ.ജറോം, ഫാ.തോമസ് പള്ളിപ്പറമ്പിൽ, ഫാ.ജോയ് സാമുവൽ, ഫാ.വർഗ്ഗീസ്, ഫാ.ജസ്റ്റിൻ സക്കറിയ, ഫാ.റിജോ ഫാ.ഫ്രാൻസിസ്.പി തുടങ്ങിയവർ പങ്കെടുത്തു. 2017 ൽ അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ.ജോയി ഡി കാനായിൽ തുടങ്ങിവച്ച പ്രവർത്തനമാണ് ഇപ്പോൾ പൂർത്തീകരിച്ചത്. പള്ളിപ്പറമ്പിൽ ഉപയോഗശൂന്യമായി കിടന്ന കുളം ജനങ്ങൾക്ക് ഉപകാരപ്രദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തികൾ തുടങ്ങിയത്. കുളം നവീകരണത്തിനൊപ്പം വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കുള്ള ഇടം ഒരുക്കാനും പദ്ധതിയിട്ടെങ്കിലും പ്രളയവും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചു. ഇപ്പോഴത്തെ വികാരി ഫാ.ലോറൻസ് തയ്യിലിന്റെ മുൻകൈയിൽ ഇടവകാംഗങ്ങളുടെയും വിശ്വാസികളുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ് ഗ്രോട്ടോ നിർമ്മാണം പൂർത്തീകരിക്കാനായതെന്ന് ഇടവകാംഗം ടി.പി.രാജേന്ദ്രൻ പറഞ്ഞു.