 ഫൈനലിൽ ബെംഗളൂരുവിനെ വീഴ്ത്തി കിരീടമുയർത്തി ഡിഫൻഡേഴ്സ്

Sunday 05 March 2023 11:01 PM IST

കൊച്ചി: ഇടിമിന്നിൽ സ്മാഷുകളുമായി കോർട്ടിൽ മിന്നിയ അഹമ്മദാബാദ് ഡിഫൻഡേഴ്സ് പ്രൈം വോളിബാൾ രണ്ടാം സീസണിൽ വിജയകിരീടം ചൂടി. ആവേശം വാനോളമുയർന്ന ഫൈനൽ പോരിൽ ബംഗളൂരുവിനെ 3-2 തോൽപ്പിച്ചു. സ്‌കോർ 7-15,10-15, 20-18, 15-13, 10-15. ആദ്യ രണ്ട് സെറ്റ് സ്വന്തമാക്കിയ ഡിഫൻഡേഴ്സ് പിന്നീടുള്ള രണ്ട് സെറ്റുകളിലും നിറം മങ്ങി. ഉശിരനടകളുമായി അഞ്ചാം സെറ്റ് സ്വന്തമാക്കിയാണ് ഡിഫൻഡേഴ്സ് വിജയത്തിൽ മുത്തമിട്ടത്. ആദ്യ സീസൺ ഫൈനലിൽ കൊൽക്കത്ത തണ്ടർബോൾട്ടിനോട് കൈവിട്ട കിരീ‌ടമാണ് ഇന്നലെ ഡിഫൻഡേഴ്സ് പിടിച്ചെടുത്തത്.

ആദ്യസെറ്റിന്റെ തുടക്കം കസറിയെങ്കിലും ഈ ആധിപത്യം കളിയിലുടനീളം നിലനിറുത്താൻ ബംഗളൂരുവിനായില്ല. ഡിഫൻഡേഴ്‌സിന്റെ യൂണിവേഴ്‌സൽ താരം അംഗമുത്തു രാമസ്വാമിയുടെ മിന്നൽ സ്മാഷുകളിൽ അവർ വിയർത്തു. അവസരത്തിനൊത്ത് ഇറാനിയൻ ബ്ലോക്കർ ഡാനിയലും അറ്റാക്കർ നന്ദഗോപാലും ഉണർന്നതോടെ സെറ്റ് ഡിഫൻഡേഴ്‌സ് അനായാസം പിടിച്ചെടുത്തു. യൂണിവേഴ്‌സൽ താരം ഐബിൻ ജോസിലും അറ്റാക്കർ പങ്കജ് ശർമ്മയിലും മാത്രമൊതുങ്ങി ബംഗളൂരുവിന്റെ ആക്രമണം. രണ്ടാം സെറ്റിലും കുതിച്ചെങ്കിലും ബംഗളൂരു തിരിച്ചടിയിൽ ഡിഫൻഡേഴ്‌സ് വിയർത്തു. പക്ഷേ അംഗമുത്തുവും നന്ദഗോപാലും വീണ്ടും രക്ഷകരായി. രണ്ടാം സെറ്റും അനായാസം ഡിഫൻഡേഴ്‌സിന്റെ കൈപിടിലൊതുക്കി.

രണ്ട് സെറ്റിലും കൈപൊള്ളിയ ബംഗളൂരു മൂന്നാം സെറ്റിൽ വമ്പനടികളുമായി കളംവാണു. മനോഹരമായ ടീം ഗെയിമിലൂടെ ഡിഫൻഡേഴ് മത്സരം ഒപ്പമെത്തിച്ചതോടെ സെറ്റ് ആവേശത്രില്ലറായി. ലക്ഷ്യം തെറ്റിയുള്ള നന്ദകുമാറിന്റെ സർവീസും പുറത്തേക്ക് പറന്ന അംഗമുത്തുവിന്റെ സ്മാഷും ഡിഫൻഡേഴ്‌സിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. സെറ്റ് ബംഗളൂരു തിരിച്ചുപിടിച്ചു. അംഗമുത്തു ഡാനിയേൽ നന്ദഗോപാൽ ത്രയത്തിൽ മുന്നേറിയ ഡിഫൻഡേഴ്‌സിന് നാലാം സെറ്റിലും വീറുകാണിച്ചു. ഇറാനിയൻ അറ്റാക്കർ അലിറെസ അബലൂച്ചും സേതുവും കളി ബംഗളൂരുവിന് അനുകൂലമാക്കിയപ്പോൾ ഗ്യാലറി ഇളകിമറിഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബംഗളൂരു സെറ്റ് ഉറപ്പിച്ചു. തീപാറിയ അഞ്ചാം സെറ്റ് ഡിഫൻഡേഴ്സ് തിരിച്ചുപിടിക്കുകയായിരുന്നു.