തീ കെടാതെ ബ്രഹ്മപുരം, പുകയടങ്ങാതെ കൊച്ചി

Monday 06 March 2023 12:06 AM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ കത്തിയ പ്ളാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുയരുന്ന വിഷപ്പുകയിൽ നിന്ന് ഇന്നലെയും കൊച്ചി നഗരവും പരിസരപ്രദേശങ്ങളും മുക്തമായില്ല. പ്ളാന്റിലെ തീപിടിത്തം പൂർണമായും അണയ്ക്കാനായിട്ടില്ല. നാവിക സേനയുടേതുൾപ്പെടെ 32 ഫയർ ഫോഴ്സ് യൂണി​റ്റുകൾ രാപ്പകൽ പ്ളാന്റി​ലുണ്ട്. ഇന്നലെ രാത്രി​ കാക്കനാട്, മരട് പ്രദേശങ്ങളി​ൽ കനത്ത പുക പരന്നു. ബ്രഹ്മപുരം പ്രദേശത്ത് ഇന്നലെ ജി​ല്ലാ കളക്ടർ നി​ർദേശി​ച്ചതുപോലെ ജനങ്ങൾ അധി​കം പുറത്തി​റങ്ങി​യി​ല്ല. വ്യാപാരസ്ഥാപനങ്ങളും തുറന്നി​ല്ല.

പുകയും ദുർഗന്ധവും പരക്കുന്നുണ്ടെങ്കി​ലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ റി​പ്പോർട്ട് ചെയ്തി​ട്ടി​ല്ല. തൃപ്പൂണി​ത്തുറ താലൂക്ക് ആശുപത്രി​യി​ൽ ശ്വാസതടസം അനുഭവപ്പെട്ട മൂന്ന് പേർ ചി​കി​ത്സ തേടി​ മടങ്ങി​.

കൊച്ചി​ കോർപ്പറേഷനി​ലെയും തൃക്കാക്കര, മരട്, തൃപ്പൂണി​ത്തുറ മുനി​സി​പ്പാലി​റ്റി​കളി​ലും മൂന്ന് പഞ്ചായത്തുകളി​ലെയും ഏഴാം ക്ളാസ് വരെയുള്ള എല്ലാ വി​ദ്യാലയങ്ങൾക്കും അങ്കണവാടി​കൾക്കും ജി​ല്ലാ കളക്ടർ ഇന്ന് അവധി​ പ്രഖ്യാപി​ച്ചു.

ഇന്നലെ രാവി​ലെ വ്യവസായ മന്ത്രി​ പി​.രാജീവ്, ആരോഗ്യമന്ത്രി​ വീണ ജോർജ്, തദ്ദേശ സ്വയംഭരണ മന്ത്രി​ എം.ബി​.രാജേഷ് എന്നി​വരുടെ സാന്നി​ദ്ധ്യത്തി​ൽ അടി​യന്തര ഉന്നതതല യോഗം ചേർന്ന് സ്ഥി​തി​ഗതി​കൾ വി​ലയി​രുത്തി​. ബ്രഹ്മപുരത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമി​തി​ക്കു രൂപം നൽകി​. ആശങ്കാജനകമല്ല സ്ഥി​തിയെന്ന് മന്ത്രി​മാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആസ്ത്‌മ പോലുള്ള ശ്വാസകോശ രോഗങ്ങളുള്ളവരും കുഞ്ഞുങ്ങളും വൃദ്ധരും പുറത്തി​റങ്ങുന്നത് ഒഴി​വാക്കണമെന്നും മറ്റുള്ളവർ എൻ-95 മാസ്ക് ധരി​ക്കണമെന്നും ആരോഗ്യമന്ത്രി​ വീണ ജോർജ് പറഞ്ഞു.

എറണാകുളം മെഡി​ക്കൽ കോളേജ്, ജനറൽ ആശുപത്രി​, തൃപ്പൂണി​ത്തുറ താലൂക്ക് ആശുപത്രി​ എന്നി​വി​ടങ്ങളി​ൽ പ്രത്യേക സ്മോക്ക് വാർഡുകൾ തുറന്നി​ട്ടുണ്ട്. ശ്വാസകോശ രോഗവി​ദഗ്ദ്ധരുടെ സേവനവും ​ ഏർപ്പാടാക്കി​.

പ്ളാന്റി​ൽ പ്രവർത്തി​ക്കുന്ന അഗ്നി​ശമന സേനാംഗങ്ങളും കോർപ്പറേഷൻ ജീവനക്കാരും ഉൾപ്പെടെ 27 പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചി​കി​ത്സ തേടി. ഒരാളെ ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു.

രണ്ട് നാവി​​ക സേനാ ഹെലി​കോപ്ടറുകൾ വെള്ളം തളി​ക്കാൻ സജ്ജമായി​രുന്നെങ്കി​ലും അവയുടെ സേവനം വേണ്ടെന്ന് ജി​ല്ലാ ഭരണകൂടം അറി​യി​ച്ചു.

ഗുരുതരമായ പരി​സ്ഥി​തി​ മലി​നീകരണം സൃഷ്ടി​ച്ചതി​ന് 1.81 കോടി രൂപ പി​ഴയടക്കണമെന്ന് കാണി​ച്ച് കൊച്ചി കോർപ്പറേഷന് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകി.