അടൂരിൽ കുടിവെള്ള പ്രശ്നം രൂക്ഷം, പൈപ്പാണ് പണി !

Monday 06 March 2023 12:09 AM IST

അടൂർ : നാട് കുടിവെള്ളക്ഷാമത്താൽ വലയുമ്പോൾ നോക്കുകുത്തിയായിരിക്കുകയാണ് അടൂരിലെ ശുദ്ധജലവിതരണ പദ്ധതി. വരൾച്ച രൂക്ഷമായതിനാൽ ആളുകളുടെ രക്ഷയ്ക്ക് എത്താൻ പദ്ധതിക്കാവുന്നില്ല. പ്രത്യേകിച്ചും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്ന കാര്യത്തിൽ. ഇൗ പദ്ധതികൊണ്ട് നാട്ടുകാർക്ക് എന്തുപ്രയോജനം എന്ന് ചോദിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അതേസമയം ആയിരങ്ങൾക്ക് പ്രയോജനം ലഭിക്കേണ്ട പദ്ധതിയിലെ വെള്ളം പലയിടത്തും പൈപ്പുപൊട്ടിയൊഴുകി പാഴാവുകയാണ്. ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ ഒട്ടുമിക്കതും വറ്റിവരണ്ടു കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും വാട്ടർ അതോററ്റിയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. പലരും കുടിവെള്ളം പണംകൊടുത്തു വാങ്ങാൻ നിർബന്ധിതരാകുന്നു.

ലോകബാങ്ക് സഹായത്തോടെയാണ് അടൂർ ശുദ്ധജലവിതരണ പദ്ധതി നടപ്പിലാക്കിയത്. അടൂർ നഗരസഭയിലേയും ഏനാദിമംഗലം, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ പഞ്ചായത്തുകളിലേയും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി രൂപം നൽകിയ പദ്ധതി കമ്മിഷൻ ചെയ്തിട്ട് വർഷങ്ങളായി. അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂരിലെ പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ചിരണിക്കൽ പ്ളാന്റിലെത്തിച്ച് ശുദ്ധീകരിച്ചാണ് ജലവിതരണം നടത്തുന്നത്. ശുദ്ധീകരണ പ്ളാന്റിൽ നിന്ന് പറക്കോട് ജംഗ്ഷൻ വരെയുള്ള ആസ്ബറ്റോസ് പൈപ്പ് തീർത്തും ദുർബലാവസ്ഥയിലാണ്. ഇത് മാറ്റി ഉന്നതനിലവാരത്തിലുള്ള ഡി.ഐ പൈപ്പ് സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു, ഇതിനായി പൈപ്പ് ഇറക്കിയിട്ടിട്ട് വർഷങ്ങളായി. ഇത് മാറ്റി സ്ഥാപിക്കാത്തതാണ് ശുദ്ധജലവിതരണം പ്രതിസന്ധിയിലാക്കുന്നത്. ഉയർന്ന മർദ്ദത്തിൽ ജലം തുറന്നുവിട്ടാൽ മാത്രമേ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കൂ. എന്നാൽ മർദ്ദം കൂട്ടിയാൽ പൈപ്പ് പൊട്ടുമെന്നതിനാൽ വാൽവ് കുറഞ്ഞഅളവിലേ തുറക്കു. ഇതാണ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കാൻ തടസമാകുന്നത്. വല്ലപ്പോഴും വെള്ളം എത്തിയാൽ ഒരു ബക്കറ്റ് നിറയാൻ കുറഞ്ഞത് അരമണിക്കൂർ വേണം. മുൻകാലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ ടാങ്കറുകളിൽ ഉയർന്ന പ്രദേശങ്ങളിലെ വീടുകളിൽ കുടിവെള്ളം എത്തിച്ചുനൽകുമായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി അതുംനിലച്ചു.

പൈപ്പിൽ വെള്ളം ലഭിക്കാറേയില്ല. ടാങ്കറിലെങ്കിലും കുടിവെള്ളമെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. ഇക്കുറി വേനൽ മഴയും ലഭിക്കാത്തതോടെ കൊടിയ വരൾച്ചയുടെ പിടിയിലാണ് നാട്. ഒട്ടുമിക്ക കിണറുകളും വറ്റിവരണ്ടു.

ഇന്ദിരാ സുരേന്ദ്രൻ, വീട്ടമ്മ