അമേരിക്കയിൽ നിന്ന് അനന്തപുരിയിലേക്ക്: അമ്മയുടെ ആറ്റുകാലമ്മയ്ക്ക് മുന്നിൽ സുനിതയെത്തി ; ഡയാനയ്ക്കൊപ്പം
തിരുവനന്തപുരം: സുനിതയുടെ ജനനം കാനഡയിൽ. അമേരിക്കൻ പൗരത്വം. മലയാളം അറിയില്ല. പക്ഷേ ആറ്റുകാലമ്മയെ അറിയാം. അമ്മ പ്രൊഫ. സാവിത്രിക്കുട്ടിയുടെ പ്രാർത്ഥനയിലൂടെ. അവർ നൽകിയ അമർചിത്രകഥകളിലൂടെ. അമ്മയുടെ മരണശേഷം അയൽവാസി ഡയാന ജാനറ്റ് പറഞ്ഞ അനുഭവങ്ങൾ കൂടി കേട്ടപ്പോൾ ദേവിയെ ദർശിക്കാൻ, പൊങ്കാലയുടെ അനുഭൂതിയിൽ ലയിക്കാൻ ആവേശം. ജാനറ്റിനൊപ്പം അമേരിക്കയിൽ നിന്നെത്തി. നാളെ ഇരുവരും ജനലക്ഷങ്ങൾക്കൊപ്പം പൊങ്കാലയർപ്പിക്കും.
പ്രൊഫ. സാവിത്രിക്കുട്ടി തിരുവനന്തപുരം യൂണിവേഴ്സിറ്രി കോളേജിലും ഗവ. വിമെൻസ് കോളേജിലും ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. ജന്മനാട് വിട്ട് ആദ്യം എത്തിയത് കാനഡയിൽ. അവിടെ നിന്ന് ഭർത്താവ് ക്ലോഡിനും മകൾ സുനിതയ്‌ക്കുമൊപ്പം അമേരിക്കയിലെ കാലിഫോർണിയയിൽ എത്തി.
'' ആറ്രുകാലമ്മയുടെ ഭക്തയായിരുന്നു അമ്മ. എപ്പോഴും ദേവിയുടെ ശക്തിയെ കുറിച്ച് പറയും. ഞാനത്ര കാര്യമാക്കിയില്ല. ഡയാന ജാനറ്റിന്റെ അനുഭവങ്ങൾ കേട്ടപ്പോൾ എനിക്ക് അമ്മയുടെ ആറ്റുകാലമ്മയെ കാണണമെന്ന ആഗ്രഹം ശക്തമായി.''- 49 കാരിയായ സുനിത പറഞ്ഞു.
ഡയാന ജാനറ്റിനെ മലയാളികൾ മറക്കില്ല. ആറ്റുകാൽ പൊങ്കാലയിൽ ഡോക്ടറേറ്റ് നേടിയ, പൊങ്കാലയെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്താൻ സഹായിച്ച അമേരിക്കൻ ഭക്ത. ഇത്തവണ ജാനറ്റിനൊപ്പം മകൾ ജെയ്‌മിയും എത്തി. ജെയ്‌മി നാല് വർഷം മുമ്പും ജാനറ്റിനൊപ്പം ആറ്റുകാൽ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. ദേവിക്കു മുന്നിൽ മകൻ സൈമണിന്റെ തുലാഭാരം നടത്തിയാണ് മടങ്ങിയത്. തോറ്റം പാട്ടിൽ കേൾക്കുന്ന ദേവിയുടെ നീതിബോധമാണ് തന്നെ ആകർഷിച്ചതെന്ന് ജെയ്‌മി പറഞ്ഞു.
ഡയാന ജാനറ്റ് 1994ലാണ് തിരുവനന്തപുരത്ത് വന്നത്. സ്ത്രീകളുടെ ആദ്ധ്യാത്മികതയിൽ ഗവേഷണത്തിന്. അന്നാണ് ആറ്റുകാൽ പൊങ്കാലയെ കുറിച്ച് അറിഞ്ഞത്. 1997ൽ വിമൻസ് കോളേജിലെ മുൻ അദ്ധ്യാപിക ഹേമയോടും ചെന്നൈയിലെ സുഹൃത്ത് മഹാലക്ഷ്മിയോടുമൊപ്പം ആദ്യമായി പൊങ്കാലയിട്ടു. അന്നാണ് ഉത്സവത്തിലെ സ്ത്രീലക്ഷങ്ങളുടെ സാന്നിദ്ധ്യം അത്ഭുതമായത്. പിന്നീട് പല തവണ പൊങ്കാല സമർപ്പിച്ചു.
ആറ്റുകാൽ പൊങ്കാല ലോകത്തെ ഏറ്റവും വലിയ വനിതാ ഉത്സവ ഒത്തുചേരലായി ഗിന്നസ് ബുക്‌സ് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഉൾപ്പെടുത്താൻ ട്രസ്റ്റിനെ സഹായിക്കുകയും ചെയ്തു.
അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ ട്രാൻസ് പേഴ്‌സണൽ സൈക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ ജാനറ്റ് കാലിഫോർണിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ സ്റ്റഡീസിൽ നിന്നാണ് ആറ്റുകാൽ പൊങ്കാലയിൽ ഡോക്ടറേറ്റ് നേടിയത്.
അമേരിക്കയിലെ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലും സർവ്വകലാശാലകളിലും ആറ്റുകാൽ പൊങ്കാലയെ കുറിച്ച് പ്രഭാഷണം നടത്തിയിട്ടുണ്ട്. ഇനി പഠനം കൊടുങ്ങല്ലൂരമ്മയെ കുറിച്ചാണ് - ജാനറ്റ് പറഞ്ഞു.
പൊങ്കാലനാളെ 10.30
അഗ്നിപകരുന്നത്: രാവിലെ 10.30 നിവേദ്യം: ഉച്ചയ്ക്ക് 2.30ന് ദീപാരാധന കഴിഞ്ഞ് കുത്തിയോട്ടം ചൂരൽകുത്ത്: രാത്രി 7.45 പുറത്തെഴുന്നള്ളത്ത്: രാത്രി 10.15