കുതിപ്പ് തുടുരമെന്ന പ്രതീക്ഷയിൽ സൂചികകൾ
മുംബയ്: കഴിഞ്ഞയാഴ്ചയിലെ ആദ്യ വ്യാപാര ദിനങ്ങളിൽ ചാഞ്ചാട്ടം തുടർന്ന ഇന്ത്യൻ ഓഹരി സൂചികകൾ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച വൻകുതിപ്പ് നടത്തി. കുറഞ്ഞ വ്യാപാര ദിനങ്ങളുള്ള ഈയാഴ്ചയിലും വിപണിയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. ഹോളി പ്രമാണിച്ച് ചൊവ്വാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരിക്കും. നാലു ദിവസം മാത്രമുള്ള വ്യാപാര ആഴ്ചയിൽ പ്രാദേശികവും അന്തർദേശീയവുമായ ചലനങ്ങളാവും വിപണിയിൽ പ്രതിഫലിക്കുക.
കഴിഞ്ഞ വ്യാപാര ദിനത്തിൽ സെൻസെക്സ് 899.62 പോയിന്റ് ഉയർന്ന് 59,808.97 ലും നിഫ്റ്റി 272.45 പോയിന്റ് കുതിച്ച് 17,594.35 ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം ഈയാഴ്ച 18,000 എന്ന പ്രധാന ലെവലിലേക്ക് എത്തുക എന്നത് നിർണായകമാണ്. നിലവിൽ ബാങ്കിങ് ഓഹരികളുടെയും സാമ്പത്തിക രംഗത്തെയും മികച്ച പ്രകടനം പ്രോത്സാഹനമേകുന്നതാണ്. എങ്കിലും ഐടി, ഓട്ടോ, ഊർജം തുടങ്ങി മറ്റുമേഖലകളുടെ പങ്കാളിത്തം കൂടി നില മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
യുഎസ് മാർക്കറ്റുകളുടെ ചലനവും വിപണിയിൽ പ്രതിധ്വനിക്കാൻ സാധ്യതയുള്ളതിനാൽ ഈ കാര്യവും നിക്ഷേപകർ ഉറ്റുനോക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നത് വെളിപ്പെടുത്തുന്ന യുഎസ് സെൻട്രൽ ബാങ്കിന്റെ അർദ്ധ വാർഷിക പണ നയ റിപ്പോർട്ടും വിപണിയെ സ്വാധീനിച്ചേക്കും.
മാർച്ച് ആദ്യ വാരത്തിലും എഫ്‌പിഐകൾ വിൽപ്പന തുടർന്നിട്ടുണ്ട്. മാർച്ച് 4 വരെ 8,902 കോടി രൂപയുടെ നെറ്റ് എഫ്‌പിഐ ഡാറ്റയാണ് ഉള്ളത്. യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ജിക്യുജി നാല് അദാനി സ്റ്റോക്കുകളിൽ 15,446 കോടി രൂപയുടെ വൻ നിക്ഷേപം നടത്തിയതാണ് ഈ വ്യത്യാസത്തിന് കാരണം. അദാനി ഗ്രൂപ്പ് ഓഹരികൾ ഈയാഴ്‌ചയും ഓഹരിയിലെ ചലനങ്ങൾക്ക് നിർണായകമാകും. കഴിഞ്ഞ നാല് ട്രേഡിംഗ് സെഷനുകളിലായി അദാനി ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണി മൂല്യം 1.7 ലക്ഷം കോടി രൂപ ഉയർന്നിട്ടുണ്ട്.
രൂപയുടെ നില മെച്ചപ്പെടുത്തിയതും വിപണിയെ കഴിഞ്ഞ വ്യാപാരദിനത്തിൽ നിർണായകമായി. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 63 പൈസ ഉയർന്ന് ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 81.97 ലാണ് ക്ലോസ് ചെയ്തത്. പുതിയ വിദേശ ഫണ്ട് വരവും പോസിറ്റീവ് ആഭ്യന്തര ഓഹരികളും നിക്ഷേപകരുടെ വികാരത്തെ പിന്തുണച്ചത് ഗുണം ചെയ്തു.