ക്ഷേമനിധി കുടിശിക 31 വരെ അടയ്ക്കാം

Monday 06 March 2023 12:13 AM IST

പത്തനംതിട്ട : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളി രജിസ്‌ട്രേഷൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായി വിവിധ ട്രേഡ് യൂണിയനുകൾ, സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ അംഗത്വ വിതരണവും ബോധവൽകരണ കാമ്പയിനുകളും നടന്നുവരുന്നതായി ബോർഡ് ചെയർമാൻ കെ.കെ.ദിവാകരൻ അറിയിച്ചു. 2022ൽ 50000ൽ അധികം തൊഴിലാളികൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ സാമ്പത്തിക വർഷം നൂറുകോടിയിൽപരം രൂപയുടെ ആനുകൂല്യം വിതരണം ചെയ്തിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു. ക്ഷേമനിധിയിൽ അംഗമായതിന് ശേഷം കുടിശിക വരുത്തിയിട്ടുളള തൊഴിലാളികൾക്ക് കുടിശിക അടയ്ക്കുന്നതിന് ഈ മാസം 31 വരെ സമയം നൽകിയിട്ടുണ്ട്. പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശിക വരുത്തിയിട്ടുളള വാഹന ഉടമകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി തുക അടയ്ക്കാം. കലാകായിക അക്കാദമിക് രംഗങ്ങളിൽ മികവ് തെളിയിച്ച, പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് ദേശീയ തലത്തിൽ മൂന്ന് ഗ്രാം സ്വർണ പതക്കവും സംസ്ഥാന തലത്തിൽ രണ്ട് ഗ്രാം സ്വർണ പതക്കവും നൽകുമെന്നും പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന അർഹരായ മക്കൾക്ക് സർക്കാർ അംഗീകാരത്തിന് വിധേയമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുവാനും ബോർഡ് തീരുമാനിച്ചതായി ചെയർമാൻ അറിയിച്ചു.

Advertisement
Advertisement