ഒന്നര വയസുകാരൻ ഓർത്തിരുന്നു, സ്വന്തമായത് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സ്

Monday 06 March 2023 12:14 AM IST

പത്തനംതിട്ട : ഓർമ്മശക്തിയിൽ മികവുകാട്ടിയ ഒന്നര വയസുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സിൽ ഇടംനേടി. പത്തിലധികം വ്യത്യസ്ത ഇനങ്ങളിലായുള്ള നൂറിലധികം വസ്തുക്കളെ തിരിച്ചറിഞ്ഞ കലഞ്ഞൂർ കുരുമ്പോലിൽ വീട്ടിൽ എം.ബി.ജിജോ - അഞ്ജനാ ദമ്പതികളുടെ മകൻ മാധവ് ജെ.ഉണ്ണിത്താനാണ് അപൂർവ്വ നേട്ടം കൈവരിച്ചത്.

വാക്കുകൾ പൂർണ്ണമായി നാവിൽ വഴങ്ങില്ലെങ്കിലും ഒരു തവണ കാണിച്ച് പേര് പറഞ്ഞുനൽകിയാൽ മാധവിന്റെ ഓർമ്മയിൽ അത് ഒതുങ്ങും. മൃഗങ്ങളെയും വാഹനങ്ങളേയും പരിചയപ്പെടുത്തുമ്പോൾ അവയുടെ ശബ്ദം കൂടി മാധവ് അനുകരിക്കും. മൃഗങ്ങൾ, 6 ശരീരഭാഗങ്ങൾ, 9 ഇനം പച്ചക്കറികൾ, വ്യത്യസ്തമായ 11 വാഹനങ്ങൾ, 10 ഇലക്ട്രോണിക് ഉപകരണങ്ങൾ, 7തരം പക്ഷികൾ, 5 തരത്തിലുള്ള ആഭരണങ്ങളും 5 ഇനത്തിലുള്ള ജലജീവികളെയും കൂടാതെ പലതരത്തിലുള്ള 30 വസ്തുക്കളും ഈ കുരുന്നിന് തിരിച്ചറിയാൻ കഴിഞ്ഞതാണ് റെക്കാഡിന് അർഹനാക്കിയത്.

മെഡലും രേഖകളും റെക്കാഡ്സ് അധികൃതർ മാധവിന് സമ്മാനിച്ചു. പിതാവ് എം.ബി.ജിജോ വിദേശത്താണ്. അഞ്ചൽ സെന്റ് ജോൺസ് സ്ക്കൂളിലെ അദ്ധ്യാപികയായ അമ്മൂമ്മ അനിതാകുമാരിയും മാതാവ് അഞ്ജനയുമാണ് ഈ കുരുന്നിന്റെ നേട്ടത്തിന് പിന്നിലുള്ളത്.

16 ഇനങ്ങളിൽ 150ൽ കൂടുതൽ വസ്തുക്കൾ മാധവിന് ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്ന് അഞ്ജന പറഞ്ഞു.

Advertisement
Advertisement