ബി.ജെ.പിയിൽ ചേർന്നാൽ കേസിൽ ഇളവുണ്ടോ ? മോദിയോട് പ്രതിപക്ഷം

Monday 06 March 2023 1:16 AM IST

ന്യൂഡൽഹി: വിവിധ കേസുകളിൽ അന്വേഷണം നേരിടുന്ന നേതാക്കൾ ബി.ജെ.പിയിൽ ചേരുമ്പോൾ നടപടികളിൽ നിന്ന് ഒഴിവാകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ എട്ട് പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതിലൂടെ രാജ്യം ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയെന്നും അവർ ആരോപിച്ചു.

എക്സൈസ് കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് കത്ത്.

ബി.ആർ.എസ് തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു, ജമ്മുകാശ്‌മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, തൃണമൂൽ നേതാവും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, ആംആദ്‌മി പാർട്ടി നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ എന്നിവരാണ് കത്തിൽ ഒപ്പിട്ടത്. പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് നൽകിയ കത്തിൽ കോൺഗ്രസ്, ജെ.ഡി.എസ്, ജെ.ഡി (യു), ഇടതു പാർട്ടികൾ എന്നിവയുടെ പ്രതിനിധികളില്ലാത്തത് ശ്രദ്ധേയമായി.

പ്രതിപക്ഷവുമായി ബന്ധപ്പെട്ട ആളുകൾക്കെതിരെയാണ് 2014 മുതൽ അന്വേഷണ ഏജൻസികൾ കേസെടുക്കുകയും റെയ്‌ഡ് നടത്തുകയും ചെയ്യുന്നത്.

വിവേചനം ഇങ്ങനെ

ശാരദ ചിട്ടി ഫണ്ട് അഴിമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടവേ 2015ൽ ബി.ജെ.പിയിൽ ചേർന്ന അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ കേസിൽ പുരോഗതിയുണ്ടായില്ല. തൃണമൂൽ നേതാവായിരിക്കെ നാരാദ ഒളികാമറ വിവാദത്തിന് പിന്നാലെ ഇ.ഡി, സി.ബി.ഐ അന്വേഷണത്തിലായിരുന്ന പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരായ നടപടിയും മയപ്പെടുത്തി. മഹാരാഷ്ട്രയിൽ ബി.ജെ.പിയിൽ ചേർന്ന നാരായൺ റാണെയ്ക്കും ഇളവു ലഭിച്ചു.

അതേസമയം ലാലു പ്രസാദ് യാദവ് (ആർ.ജെ.ഡി), സഞ്ജയ് റാവത്ത് (ശിവസേന), അസം ഖാൻ (സമാജ്‌വാദി പാർട്ടി), നവാബ് മാലിക്, അനിൽ ദേശ്‌മുഖ് (എൻ.സി.പി), അഭിഷേക് ബാനർജി (തൃണമൂൽ) തുടങ്ങിയവർക്കെതിരായ അന്വേഷണങ്ങളിൽ കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ ശാഖകളായി പ്രവർത്തിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണ്. എന്നാൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ നഗ്നമായ ദുരുപയോഗം സ്വേച്ഛാധിപത്യത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ്. സിസോദിയയ്‌ക്കെതിരായ കേസ് വേട്ടയാടലും ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗവുമാണ്. ഡൽഹിയിലെ സ്‌കൂൾ വിദ്യാഭ്യാസം പരിഷ്കരിച്ചതിന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട നേതാവാണ് സിസോദിയ.

ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാർ ഫെഡറൽ സംവിധാനത്തെ തകിടം മറിക്കുന്നതായും അവർ ആരോപിച്ചു.