ഒ.ഇ.സി വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ മുടങ്ങി , കുടിശിക ഉൾപ്പെടെ വേണ്ടത് 200 കോടി

Monday 06 March 2023 12:25 AM IST

കൊച്ചി: ഒ.ഇ.സി വിദ്യാർത്ഥികൾക്ക് (മറ്റ് അർഹ വിഭാഗം) സംസ്ഥാന പിന്നാക്കക്ഷേമ വകുപ്പ് നൽകുന്ന സാമ്പത്തിക ആനുകൂല്യ വിതരണം മുടങ്ങി. 2022-23 ബഡ്ജറ്റിൽ വകയിരുത്തിയ 230 കോടിയിൽ ഇനി 70 കോടിയാണ് വിതരണം ചെയ്യാനുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് ഇതിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. ഈ മാസം ലഭ്യമായില്ലെങ്കിൽ 70 കോടി​ ലാപ്സാകും.

മുൻവർഷങ്ങളിലെ കുടിശിക 130 കോടിയാണ്. ഇതുംകൂടി ചേർത്ത് 200 കോടി വകുപ്പിന് ലഭ്യമായാലേ മുൻ വർഷങ്ങളിൽ നൽകേണ്ടതുൾപ്പെടെ ആനുകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്യാനാകൂ. പ്ളസ് ടു മുതൽ പിഎച്ച്.ഡി വരെ പഠിക്കുന്നവർക്കുള്ള ലംപ്സം ഗ്രാന്റ്, സ്റ്റൈപന്റ്, ട്യൂഷൻ, ഹോസ്റ്റൽ ഫീസുകളാണ് മുടങ്ങിയത്.

2021-22ൽ 309.31 കോടി വിതരണം ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ വിഹിതം 230 കോടിയായി കുറഞ്ഞു. പട്ടി​കജാതി​ക്കാരുടേതു പോലെ തന്നെ പരി​ഗണന നൽകുന്ന ഒ.ഇ.സി​ വി​ഭാഗക്കാരുടെ വി​ദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് ബഡ്ജറ്റിൽ നീക്കി വച്ച തുക അനുവദി​ക്കാൻ ഇത്രയും വൈകാറില്ല. ഇനി ഇത്​ അനുവദിച്ചാലും മിക്ക കുട്ടി​കളുടെയും കോഴ്സ് കഴി​യും. ആനുകൂല്യത്തിന് അർഹരായവരുടെ പട്ടിക തയ്യാറാണ്. പണം അനുവദിച്ചാലുടൻ തുക അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാനാകും.

ധീവരരും കുടുംബികളും ക്രൈസ്തവരായി മതംമാറിയ പട്ടികജാതിക്കാരും ഉൾപ്പെടെ എട്ട് ജാതിക്കാർക്ക് വരുമാന പരി​ധി​യി​ല്ലാതെയും, 30 ജാതി​ക്കാർക്ക് ആറ് ലക്ഷം രൂപ വരുമാന പരിധിയോടെയുമാണ് ആനുകൂല്യങ്ങൾ നൽകുന്നത്. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളി​ലെ എല്ലാ കോഴ്സുകൾക്കും സ്വാശ്രയ കോളേജുകളിലെ ആർട്സ് ആൻഡ് സയൻസ് വിഷയം ഒഴി​കെയുള്ളവയ്ക്കുമാണ് അർഹത.


ആനുകൂല്യങ്ങൾ

• ലംപ്സം ഗ്രാന്റ് (പഠനസാമഗ്രി​കൾക്ക്): 440 മുതൽ 3,130 വരെ

• സ്റ്റൈപന്റ് : പ്രതി​മാസം 500 മുതൽ 750 രൂപ വരെ

• ഹോസ്റ്റൽ ഫീസ് : പ്രതി​മാസം 4,500 രൂപ

• ട്യൂഷൻ ഫീസ് : സർക്കാർ നി​രക്ക് പൂർണമായും

ഒ.ഇ.സി​ ഗുണഭോക്താക്കൾ

(വർഷം, എണ്ണം ക്രമത്തിൽ)

2022-23 ... 23,765

2021-22 ... 42,116

2020-21 ... 43,520

Advertisement
Advertisement