ഡോക്‌ടർമാർ  കൈവിട്ടു, അവയവദാനം  കുറഞ്ഞു, കാത്തിരിക്കുന്നത് 3000 പേർ

Monday 06 March 2023 12:27 AM IST

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിൽ നിന്ന് ഡോക്ടർമാർ പിൻമാറിയതോടെ മരണാനന്തര അവയവദാനം കുറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ വർഷം സ്ഥിരീകരിച്ചത് 14 മസ്തിഷ്ക മരണങ്ങൾ മാത്രം. അതേസമയം, ജീവിതം തിരിച്ചുപിടിക്കാൻ അവയവങ്ങൾ പ്രതീക്ഷിച്ച് 3702 പേരാണ് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.

കൂടുതൽ മസ്‌തിഷ്‌ക മരണം നടക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ വർഷം രണ്ടെണ്ണമാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ശ്രീചിത്രയിലും ഒന്ന് വീതം. പേരിനെങ്കിലും സ്ഥിരീകരിക്കുന്ന സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണാനന്തരം അവയവങ്ങൾ ദാനം ചെയ്താൽ ഒരു വൃക്ക സർക്കാർ മേഖലയ്ക്ക് നൽകണം. മറ്റ് അവയവങ്ങൾ സ്വന്തം രോഗികൾക്ക് നൽകാം.

അവയവദാനം ഏകോപിപ്പിക്കുന്ന സർക്കാർ ഏജൻസിയായ കെ.സോട്ടോയിൽ രണ്ട് കോർഡിനേറ്റർ തസ്തിക ഒഴിഞ്ഞു കിടക്കുന്നതും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

പ്രതിബന്ധം സൃഷ്ടിച്ചത്

1.അവയവദാനത്തിന്റെ മറവിൽ ഡോക്ടർമാരുടെ ഒത്താശയോടെ അവയവക്കച്ചവടം നടക്കുന്നുവെന്ന ആരോപണം ജനങ്ങളിൽ സംശയമുണ്ടാക്കി. മസ്‌തിഷക മരണം എന്ന പേരിൽ നിർബന്ധിത മരണത്തിലേക്ക് തള്ളിവിടുന്നതായും ആക്ഷേപം ഉയർന്നു.

2. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ ആക്രമിക്കുന്നതും ഡോക്ടർമാർരെ പിന്തിരിപ്പിക്കുന്നു. അവയവദാനത്തിന് ബന്ധുക്കൾ വിസമ്മതിക്കുന്നു.

3. അവയവദാനത്തിന് മരിക്കുന്ന വ്യക്തിയുടെ ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ എന്നിവരുടെ അനുമതി വേണം. ഇവരുമായി സംസാരിക്കാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല.

അപ്‌നിയ പരിശോധന

മസ്‌തിഷ്ക മരണം സ്ഥിരീകരിക്കുന്ന പരിശോധന. രോഗിയുടെ രക്തത്തിലെ കാർബൺഡൈ ഓക്‌സൈഡിന്റെ അളവും സ്വാഭാവിക ശ്വസന ചലനങ്ങളും മസ്തിഷ്‌ക പ്രതികരണവും നിരീക്ഷിക്കും. ആറു മണിക്കൂർ ഇടവിട്ട് രണ്ട് തവണ ഈ പരിശോധന നടത്തണം. കാർബൺഡൈ ഓക്സൈഡ് ക്രമാതീതമായി വർദ്ധിച്ചെങ്കിൽ മസ്‌തിഷ്‌ക മരണം ഉറപ്പിക്കാം.

# ചികിത്സിക്കുന്ന ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും പുറത്തു നിന്നുള്ള രണ്ട് ഡോക്ടർമാരും (ഒരാൾ സർക്കാർ ഡോക്ടർ) അടങ്ങുന്ന സംഘമാണ് അപ്‌നിയ പരിശോധനയിലൂടെ മസ്തിഷ്കമരണം സ്ഥിരീകരിക്കേണ്ടത്. അതിലേക്ക് കടക്കാതെ ഹൃദയം നിശ്ചലമാകുന്നതുവരെ ഡോക്ടർമാർ കാത്തിരിക്കും.

# 2020 ജനുവരിയിലെ സർക്കാർ ഉത്തരവ് പ്രകാരം അവയവദാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും മസ്തിഷ്ക മരണം വ്യക്തമായാൽ അപ്‌നിയ പരിശോധന നടത്തി രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാം. ആ തീരുമാനമെടുക്കാൻ ഡോക്ടർമാർ തയ്യാറല്ല.

അവയവദാനം

2012...................9

2013..................36

2014..................58

2015..................76

2016..................72

2017.................18

2018..................8

2019................19

2020................ 21

2021................17

2022................14

കാത്തിരിക്കുന്നവർ

വൃക്ക................................ 2770

കരൾ.................................. 784

ഹൃദയം...................... ...........63

കൈകൾ................................14

ശ്വാസകോശം......................... 4

പാൻക്രിയാസ്....................... 11

ഒന്നിലേറെ അവയവങ്ങൾ.....56

സമൂഹത്തെയും ഡോക്ടർമാരെയും ബോധവത്കരിച്ച് മസ്‌തിഷ്‌ക മരണം സ്ഥിരീകരണവും അവയവദാനവും കാര്യക്ഷമമാക്കും.

-ഡോ.നോബിൾ ഗ്രീഷ്യസ്

എക്‌സിക്യൂട്ടീവ് ഡയറക്ടർ

കെ-സോട്ടോ

Advertisement
Advertisement