മുക്കട ജംഗ്ഷനിലെ ഓട നിർമ്മാണം പണി മുടങ്ങിയത് പണിയായി
കുണ്ടറ : കൊല്ലം - ചെങ്കോട്ട ദേശീയ പാതയിൽ കുണ്ടറ മുക്കട ജംഗ്ഷനിലെ ഓടയുടെ അവസ്ഥ ദയനീയമായിത്തന്നെ തുടരുമെന്ന് ഏതാണ്ട് ഉറപ്പായി. മുക്കട, ഹോസ്‌പിറ്റൽ, മാമൂട്, കേരളപുരം എന്നീ ജംഗ്ഷനുകളുടെ വികസനം ലക്ഷ്യമിട്ടാണ്
ഫുട്പാത്ത് നിർമ്മിക്കാനും ഓട വൃത്തിയാക്കാനുമായി കരാർ നൽകിയത്. എന്നാൽ, ഹൈവേ വികസനത്തിന്റെ ഭാഗമായി ചില നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കാനുണ്ടെന്നും അതിനാൽ പ്രവർത്തികൾ പാടില്ലെന്നും കരാറുകാരനെ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് ഓട വൃത്തിയാക്കലും ഫുട്പാത്ത് നിർമ്മാണവും അനിശ്ചിതത്വത്തിലായത്.
കരാറുപ്രകാരമുള്ള മറ്റുസ്ഥലങ്ങളിലെ ജോലികൾ പൂർത്തിയാക്കിയ ശേഷം മുക്കട ജംഗ്ഷനിലെ ജോലികൾ ചെയ്തുതീർക്കാമെന്ന ധാരണയിലാണ് കരാറുകാരൻ ഓട പൊളിച്ചിട്ടത്. മറ്റ് ഇടങ്ങളിലെ ജോലികൾ ഏറെക്കുറെ പൂർത്തിയാക്കി മുക്കട ജംഗ്ഷനിലെ ജോലികൾ തുടങ്ങാനിരിക്കെയാണ് നിർത്തിവയ്ക്കാനുള്ള നിർദ്ദേശവും വന്നത്.
എന്താകുമോ, എന്തോ...
മുക്കട ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിനെയും വ്യാപാര സ്ഥാപങ്ങളെയും ബന്ധിപ്പിക്കുന്ന
ഓടയുടെ ഭാഗമാണ് പൊളിച്ചിട്ടിരിക്കുന്നത്. അതിനാൽ, വ്യാപരികളെയും ഓട്ടോ റിക്ഷക്കാരെയും ഇത് ഒരു പോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മാസങ്ങളായി ദുരവസ്ഥ തുടരുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾ എത്താത്ത അവസ്ഥയാണ്. ഇത് കച്ചവടത്തെ കാര്യമായി ബാധിച്ചതായും വ്യാപാരികൾ പറയുന്നു.
ഓട വൃത്തിയാക്കി പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ എം.എൽ.എ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും
ഉടൻ നടപടിയുണ്ടാകുമെന്ന മറുപടിയില്ലാതെ ഫലമുണ്ടായില്ല. ഇപ്പോൾ കരാർ ജോലികൾ കൂടി നിർത്തിവച്ചതോടെ ഓടയുടെ ഭാവി എന്താകുമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാരും വ്യാപാരികളും.