പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മുരുന്നിന് പോലും മരുന്നില്ല!

Monday 06 March 2023 12:40 AM IST

കൊല്ലം: പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഫാർമസിയിൽ ജീവൻ രക്ഷാ മരുന്നുകൾക്കടക്കം ക്ഷാമം. ആശുപത്രിയെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളടക്കം വലിയ വില നൽകി സ്വകാര്യമെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങേണ്ട അവസ്ഥയാണ്.

ആഴ്ചകളായി തുടരുന്ന മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെ ഏതാനും പ്രധാന മരുന്നുകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നാൽ രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, തലയ്‌ക്ക് അടക്കമുണ്ടാകുന്ന മുറിവുകൾ തുടങ്ങിയവയ്ക്കുള്ള പല മരുന്നുകളുമില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴിയാണ് മരുന്ന് എത്തിക്കുന്നത്. എല്ലാവർഷം മുൻ വർഷത്തെ ഇൻഡിന്റിൽ 30 ശതമാനം വർദ്ധിപ്പിച്ചാണ് ആവശ്യപ്പെടുന്നത്. എന്നാൽ,​ ആവശ്യം കണക്കാക്കിയല്ല മരുന്ന് എത്തിക്കുന്നതെന്നും ജീവനക്കാർ പറയുന്നു.

വലഞ്ഞ് മെഡിസെപ്പ്

അംഗങ്ങളും

മെഡിസെപ്പ് അംഗങ്ങളായ സർക്കാർ ജീവനക്കാർക്ക് ആശുപത്രി ഫാർമസിയിൽ ലഭ്യമല്ലാത്ത മരുന്ന് ആശുപത്രി വളപ്പിൽ തന്നെയുള്ള കാരുണ്യ, എച്ച്.എൽ.എൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങാം. ഈ ഏജൻസികൾ തന്നെ തുക സർക്കാരിൽ നിന്ന് വാങ്ങിയെടുക്കും. എന്നാൽ,​ ആശുപത്രി ഫാർമസിയിലും കാരുണ്യയുടെയും എച്ച്.എൽ.എല്ലിന്റെയും ഔട്ട്ലെറ്റുകളിലും കിട്ടാത്ത മരുന്നുകളാണ് ഡോക്ടർമാർ സ്ഥിരമായി കുറിക്കുന്നതും ആക്ഷേപമുണ്ട്.

മണി 5 കഴിഞ്ഞാൽ

രക്ഷയില്ല !

മെഡിക്കൽ കോളേജായിട്ടും ഇവിടത്തെ ഫാർമസി വൈകിട്ട് അഞ്ച് മണിക്ക് അടയും. കിടപ്പ് രോഗികൾക്ക് പിന്നീട് മരുന്ന് ആവശ്യമായി വന്നാൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കണം. അത്യാഹിത വിഭാഗത്തോട് ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി സജ്ജമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ,​ നടപടികൾ അനന്തമായി നീളുകയാണ്.

Advertisement
Advertisement