കൊല്ലം മെമു ഷെഡ് നിർമ്മാണം തുടങ്ങി

Monday 06 March 2023 12:41 AM IST

കൊല്ലം: കൊല്ലം മെമു ഷെഡ് നവീകരണത്തിന് തുടക്കമായി. നിലവിലുള്ള മെമു ഷെഡ് ഓഫീസ് കെ‌ട്ടിടത്തിന്റെ മുകളിൽ ഒരു നില കൂടി പണിയാനുള്ള നിർമ്മാണമാണ് ആദ്യ ഘട്ടമായി ആരംഭിച്ചിരിക്കുന്നത്.

ഇതിനുശേഷമായിരിക്കും ട്രാക്ക് എക്സ്റ്റെൻഷനും ഷെഡ് വുപുലീകരണവും ഉൾപ്പടെയുള്ളവ തുടങ്ങുക. ഇതിനായി മെമുഷെഡിന് മുൻവശത്തുള്ള പാർക്കിംഗ് ഏരിയ മാറ്റി സ്‌ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 24 കോടി രൂപയാണ് സിവിൽ നിർമ്മാണ കരാർ. പദ്ധതിയുടെ ആകെ തുക 43 കോടി രൂപയാണ്. സിവിൽ വർക്കുകൾ കഴിഞ്ഞാൽ മാത്രമേ വൈദ്യുതീകരണം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തികളുടെ ടെണ്ടർ ക്ഷണിക്കൂ.

ഇൻസ്പെക്ഷൻ ഷെഡ്, റിപ്പയറിംഗ് ഷെഡ്, വീൽ ലെയ്ത്ത് ഷെഡ്, സർവീസ് ബിൽഡിംഗ്, വാഷിംഗ് പിറ്റ്, ചെറിയ പാലത്തിന്റെ നിർമ്മാണം, വാട്ടർ ടാങ്ക്, സബ് സ്റ്റേഷൻ എന്നിവയുടെ ഷിഫ്ടിംഗ് തുടങ്ങിയ ജോലികളാണ് ടെണ്ടറിൽ ഉൾപ്പെട്ടിട്ടുള്ളത്. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഏക മെമു ഷെഡായ കൊല്ലം മെമു ഷെഡിലാണ് കന്യാകുമാരി മുതൽ തൃശൂർ വരെയുള്ള വിവിധ സ്റ്റേഷനുകളിൽ ഓടുന്ന മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്.

നിലവിലെ ഷെഡിന്റെ അതേ വീതിയിൽ കർബല വരെ നീളം കുട്ടിയാവും ഷെഡ് വികസിപ്പിക്കുക. കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണെങ്കിലും മെമു ഷെഡ് പദ്ധതി പ്രത്യേകമായാണ് നടപ്പിലാക്കുന്നത്.

നീളം വർദ്ധിക്കും

നിലവിൽ എട്ട് കോച്ചുകളുള്ള മെമു ട്രെയിനിന്റെ അറ്റകുറ്റ പണികൾ നടത്താൻ കഴിയുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡിന്റെ നീളം വർദ്ധിപ്പിച്ച് 16 കോച്ചുകളുള്ള 20 മെമു ട്രെയിനുകളുടെ അറ്റകുറ്രപ്പണികൾ നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കൊല്ലത്തും പാലക്കാടുമാണ് നിലവിൽ സംസ്ഥാനത്ത് മെമു ഷെഡുകൾ ഉള്ളത്. മെമു ഷെഡിന്റെ വികസനത്തോടെ കൊല്ലത്തുനിന്ന് കൂടുതൽ മെമു ട്രെയിനുകൾ ആരംഭിക്കാൻ കഴിയും.

Advertisement
Advertisement