കായൽ കൈയേറ്റം വ്യാപകമായിട്ടും അധികൃതർക്ക് അനക്കമില്ല

Monday 06 March 2023 12:42 AM IST

കൊല്ലം: ജില്ലയുടെ പല ഭാഗങ്ങളിലും കായൽ കൈയേറ്റം വ്യാപകമായിട്ടും അധികൃതർക്ക് അനക്കമില്ല. അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങൾ, ആലപ്പാട്, ആയിരംതെങ്ങ് എന്നിവിടങ്ങിളിലാണ് കൈയേറ്റം വ്യാപകമായിരിക്കുന്നത്.

കായൽവാരങ്ങളിൽ താമസിക്കുന്നവർക്ക് പുറമേ പുറത്തുള്ളവരും കായൽഭൂമി മണ്ണിട്ട് നികത്തി കൈവശപ്പെടുത്തുകയാണ്. കായലിന്റെ ഓരങ്ങളിൽ തെങ്ങിൻ കുറ്റികൾ നാട്ടിയാണ് ഘട്ടംഘട്ടമായി മണ്ണിട്ട് നികത്തുന്നത്. ചിലർ മത്സ്യക്കൃഷിക്കെന്ന പേരിൽ വല കെട്ടി മറച്ച ശേഷവും ഘട്ടംഘട്ടമായി മണ്ണിട്ട് നികത്തുന്നുണ്ട്. ഇതോടെ പലയിടങ്ങളിലും കായലിന്റെ വീതി വലിയളവിൽ കുറഞ്ഞിട്ടുണ്ട്. ആലപ്പാട്, ആയിരംതെങ്ങ് മേഖലകളിൽ അടുത്തസമയത്തായി മണൽ വാരലും രൂക്ഷമാണ്.

കൈയേറ്റങ്ങൾ കണ്ടെത്തി മണ്ണ് നീക്കം ചെയ്ത് കായൽ പൂർവസ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്വം ഉൾനാടൻ ജലഗതാഗത വകുപ്പിനാണ്. മണൽ വാരൽ നിയന്ത്രിക്കാനുള്ള ചുമതല ഉൾനാടൻ ജലഗതാഗത വകുപ്പിന് പുറമേ റവന്യൂവിനും പൊലീസിനുമുണ്ട്. എന്നാൽ പലയിടങ്ങളിലും നടക്കുന്ന കൈയേറ്റങ്ങൾക്കും മണൽവാരലിനും പ്രദേശിക രാഷ്ട്രീയക്കാരുടെ പിന്തുണയുള്ളതിനാൽ സർക്കാർ വകുപ്പുകളൊന്നും തിരിഞ്ഞുനോക്കുന്നില്ല. കൈയേറ്റങ്ങളും മണൽവാരലും പരിസ്ഥിതി പ്രവർത്തകർ പലതവണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പക്ഷെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.