ബ്രഹ്മപുരത്ത് മനഃപൂർവം തീകൊളുത്തിയത്, പ്ളാസ്റ്റിക് കത്തിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നു; കരാറുകാർക്ക് സി പി എമ്മുമായി ബന്ധമുണ്ടെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: സർക്കാരും കോർപ്പറേഷനും പ്ളാസ്റ്റിക് കത്തിക്കുന്നതിന് കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വി ഡി സതീശന്റെ ആരോപണം.
പ്ളാസ്റ്റിക് കത്തിക്കാൻ കൂട്ടുനിന്നതിനുശേഷം തീപിടിച്ചതാണെന്ന് പറയുന്നു. ഗൗരവതരമായ അന്വേഷണം നടക്കണം. ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യണം. കോടികളുടെ അഴിമതിയാണ് ബ്രഹ്മപുരത്ത് നടക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.
മാലിന്യസംസ്‌കരണത്തിനായി കരാർ നൽകിയ ആളുകൾ സി പി എമ്മുമായി ബന്ധമുള്ളവരാണ്. ഞാനവരുടെ പേര് പറയുന്നില്ല. നേതാക്കളുടെ ബന്ധുക്കളാണിവർ. ഇവരൊന്നും തങ്ങളുടെ ജോലി ചെയ്തില്ല. മാലിന്യം നീക്കം ചെയ്യാൻ പണം വാങ്ങിയിട്ട് അത് ചെയ്തില്ല. ജൈവമാലിന്യങ്ങൾ കുഴിച്ചുമൂടിയില്ല. ജൈവ- അജൈവ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ചില്ല. മനഃപൂര്‍വം തീകൊളുത്തിയതാണ്. ഇപ്പോള്‍ കരാര്‍ പുതുക്കേണ്ട സമയമായതിനാൽ അവിടെ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യം, തീകൊളുത്തുക എന്നതാണെന്നും വി ഡി സതീശൻ ആരോപിച്ചു.
മാലിന്യം കത്തിച്ചത് കോൺട്രാക്ടർമാരാണ്. മന്ത്രി അന്വേഷണത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഗൗരവതരമായ അന്വേഷണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ആളുകളോട് പുറത്തിറങ്ങരുതെന്ന് കളക്ടര്‍ പറയുന്നു. സ്‌കൂളുകള്‍ക്ക് അവധി കൊടുത്തിരിക്കുന്നു. ഗൗരവമുള്ള പ്രശ്‌നമില്ലെന്നാണ് മന്ത്രി പറയുന്നത് . മുഴുവന്‍ വിഷപ്പുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമെന്ന് ഡോക്ടര്‍മാരടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തദ്ദേശമന്ത്രി നിയമസഭയില്‍ പറഞ്ഞ മറുപടി ഞങ്ങള്‍ക്ക് ഒട്ടും സ്വീകാര്യമല്ലെന്നും വി ഡി സതീശൻ പറഞ്ഞു.