രണസ്മരണ തീർത്ത് കൊങ്ങൻപട ആഘോഷം

Tuesday 07 March 2023 12:02 AM IST
ചിറ്റൂർ കൊങ്ങൻപട ഉത്സവത്തോടനുബന്ധിച്ച് നടന്ന തട്ടിന്മേൽ കൂത്ത്.

ചിറ്റൂർ: രണസ്മരണയുടെ ഐതിഹ്യമുണർത്തുന്ന കൊങ്ങൻപട വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. തിങ്കളാഴ്ച പുലർച്ചെ കാവുതീണ്ടുന്ന ചടങ്ങ് നടന്നു. തുടർന്ന് കൊങ്ങനുമായി യുദ്ധത്തിന് തയ്യാറാണെന്ന് വിളമ്പരവുമായി ഈട് വെടി വയ്ക്കലും ഒമ്പതിന് ആനയും വാദ്യമേളത്തോടെയും വാൾവെച്ച പാറയിലേക്ക് എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് ചിറ്റൂർക്കാവിൽ പല്ലാവൂർ ശ്രീധര മാരാരും സംഘവും പഞ്ചവാദ്യമവതരിപ്പിച്ചു. ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ 101 കലാകാരന്മാർ അണിനിരന്നുള്ള പാഞ്ചാരിമേളം ആഘോഷത്തിന് കൊഴുപ്പേകി. വൈകിട്ട് അഞ്ചിന് കൊടി,​ തഴ,​ തട്ടിൻമേൽ കൂത്ത്,​ കോലക്കുട്ടികളുമായി ചിറ്റൂർക്കാവിലേക്ക് എഴുന്നള്ളിപ്പ് നടന്നു. രാത്രി എട്ടിന് പാണ്ടിമേളത്തോടെ കാവുകയറി പത്തിന് കൊങ്ങന്റെ ഓല വായനയും തുടർന്ന് അരിമന്നത്ത് കാവിൽ യുദ്ധം പടമറിച്ചിൽ എന്നിവയും അരങ്ങേറി. ആയിരക്കണക്കിന് പുരുഷാരം കൊങ്ങൻപടയാഘോഷത്തിന് ഒഴുകിയെത്തി.