മുനിസിപ്പൽ ബസ് ടെർമിനൽ നിർമ്മാണത്തിന് തുടക്കം

Tuesday 07 March 2023 12:12 AM IST
പാലക്കാട് മുനിസിപ്പൽ ബസ് ടെർമിനൽ നിർമ്മാണോദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എം.പി നിർവഹിക്കുന്നു.

പാലക്കാട്: മുനിസിപ്പൽ ബസ് ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിന്റെ പഴയ പ്രതാപം തിരിച്ചുവരുമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധകാലാടിസ്ഥാനത്തിൽ ടെർമിനൽ നിർമ്മാണം പൂർത്തിയാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ പുതിയൊരു വികസന മാതൃക സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ നിർമ്മിക്കുന്നത്. നാലുവർഷം മുമ്പാണ് കാലപ്പഴക്കം ചെന്ന പഴയ സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കിയത്. നിർമ്മാണം ആരംഭിച്ച് നാലുമാസത്തിനകം പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ. ഒരേ സമയം 15 ബസുകൾ നിറുത്താൻ കഴിയുന്ന വിധത്തിലാണ് നിർമ്മാണം. സ്റ്റാൻഡിനകത്ത് ഹൈ മാസ്റ്റ് ലൈറ്റും സ്ഥാപിക്കുമെന്ന് എം.പി പറഞ്ഞു.

നഗരസഭാദ്ധ്യക്ഷ പ്രിയ അജയൻ അദ്ധ്യക്ഷയായി. ഷാഫി പറമ്പിൽ എം.എൽ.എ മുഖ്യാതിഥിയായി. പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ കെ.സി.സുബ്രഹ്മണ്യൻ റിപ്പോർട്ടവതരിപ്പിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ ഇ.കൃഷ്ണദാസ്, സ്ഥിരസമിതി അദ്ധ്യക്ഷരായ ടി.ബേബി, മീനാക്ഷി, കൗൺസിലർമാരായ സാജോ ജോൺ, വിശ്വനാഥ്, മുഹമ്മദ് ബഷീർ, സെയ്ത് മീരാൻ ബാബു, സെക്രട്ടറി ടി.ജി.അജേഷ്, അസി.എക്സി.എൻജിനീയർ വി.വി.സജിനി എന്നിവർ പ്രസംഗിച്ചു.