വിലക്കയറ്റം, സബ്സിഡി മുടക്കം; അന്നംമുട്ടി ജനകീയ ഹോട്ടലുകൾ

Tuesday 07 March 2023 12:00 AM IST

കൊച്ചി: സാധനവില കുതിച്ചുയരുകയും സർക്കാർ സബ്‌സിഡി മാസങ്ങളായി മുടങ്ങുകയും ചെയ്തതോടെ, 20 രൂപയ്ക്ക് ഊണ് നൽകി​യി​രുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ ഇരുന്നൂറോളം എണ്ണം അടച്ചുപൂട്ടി. 1184 ഹോട്ടലുകളാണ് സംസ്ഥാനത്തൊട്ടാകെയുള്ളത്. സബ്സിഡി ഇനിയും വൈകിയാൽ ശേഷിക്കുന്നവയും പൂട്ടേണ്ടിവരും. 5,012 വനി​തകളാണ് നടത്തിപ്പുകാർ.

കൊച്ചിയിലെ സമൃദ്ധി കിച്ചന് മാത്രം 40 ലക്ഷം രൂപയാണ് കുടിശിക. പലചരക്ക് സാധനങ്ങളും മറ്റും വാങ്ങിയ ഇനത്തിൽ കടക്കാരെ പേടിച്ച് പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് ഇവർ. പാചകവാതക വില കുതിച്ചുയർന്നതും തിരിച്ചടിയായി.

നടപ്പുവർഷം അനുവദിച്ച 30 കോടി രൂപ വിതരണം ചെയ്തു. 30 കോടി കൂടി കുടുംബശ്രീ മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് മാർച്ചിൽ തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണ്.

കേരളത്തിൽ 60 കോടി
2020-21 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ജനകീയ ഹോട്ടൽ പദ്ധതിക്ക് വർഷം 60 കോടി രൂപയാണ് സബ്‌സിഡി നീക്കിവച്ചത്.
കെട്ടിടം വാടകയ്‌ക്കെടുത്തോ സ്‌പോൺസർഷിപ്പിലൂടെയോ ഹോട്ടൽ ആരംഭിക്കണമെന്നാണ് മാർഗരേഖ. വൈദ്യുതി, വെള്ളം, ഫർണിച്ചർ തുടങ്ങി​യവ തദ്ദേശഭരണ സ്ഥാപനങ്ങൾ നല്കണം. ഗ്രാമങ്ങളിൽ ഹോട്ടലിന് 10,000 രൂപ ജില്ലാ പഞ്ചായത്തും ബ്ലോക്ക് തലത്തിൽ 20,000 വീതം ബ്ലോക്ക് പഞ്ചായത്തും നഗരങ്ങളിൽ 30,000 രൂപ നഗരസഭയും റിവോൾവിംഗ് ഫണ്ട് നല്കണം.

ചെന്നൈയിൽ 450 കോടി

തമിഴ്നാട്ടിൽ ചെന്നൈ കോർപ്പറേഷൻ മാത്രം ഒരു വർഷം ചെലവഴിക്കുന്നത് 450 കോടി രൂപയാണ്.

ഇന്ത്യയിൽ ആദ്യമായി വിശപ്പ് രഹിത ഹോട്ടൽ പദ്ധതി നടപ്പാക്കിയത് തമിഴ്നാടാണ്. ഇഡലി ഒരു രൂപ, സാമ്പാർ സാദം 5 രൂപ, തൈരുസാദം 3 രൂപ, രണ്ടു ചപ്പാത്തിയും പരിപ്പുകറിയും 3 രൂപ എന്നിങ്ങനെയാണ് നിരക്ക്. രാജസ്ഥാനിലെ അന്നപൂർണ റസോയി, ചണ്ഡിഗഡിലെ അന്നപൂർണ അക്ഷയപാത്ര യോജന, കർണാടകയിലെ നമ്മ കന്റീൻ, ഒഡീഷയിലെ ആഹാർ, മദ്ധ്യപ്രദേശിലെ ദീൻ ഡയാൽ റസോയി യോജന, യു.പിയിലെ അന്നപൂർണ ഭോജന ആലയ എന്നീ സമാന പദ്ധതികൾ വൻവിജയമാണ്.


സബ്‌സിഡി തുക കൃത്യമായി ലഭിച്ചാൽ കാര്യമായ പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാനാകും. സ്പോൺ​സർഷി​പ്പ് ഗ്രാമമേഖലകളി​ൽ പ്രായോഗികമല്ല.
-സുജാത വേണുഗോപാൽ,

കൊച്ചി ഈസ്റ്റ് സി.ഡി.എസ്

കുടുംബശ്രീ കൺവീനർ


സബ്‌സിഡി തുക എത്രയും പെട്ടെന്ന് ലഭ്യമാക്കണം. സ്വയം സ്‌പോൺസർഷിപ്പ് കണ്ടെത്തുകയും വേണം. മാരാരിക്കുളത്ത് അഞ്ചുവർഷമായി ആയിരം കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണം നല്കുന്നുണ്ട്.

-ഡോ. തോമസ് ഐസക്

മുൻ ധനമന്ത്രി

Advertisement
Advertisement