ആരോഗ്യ സർവകലാശാലയിൽ ആറു മാസം പ്രസവാവധി

Tuesday 07 March 2023 12:00 AM IST

തൃശൂർ: ആരോഗ്യ സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാർത്ഥിനികൾക്ക് 6 മാസം പ്രസവാവധി അനുവദിക്കുന്നതിനുള്ള അധികാരം അതത് കോളേജുകളിലെ പ്രിൻസിപ്പൽമാർക്ക്. പ്രഗ്‌നൻസി സർട്ടിഫിക്കറ്റ് പ്രിൻസിപ്പലിന് സമർപ്പിച്ചാൽ അവധി അനുവദിക്കാം. നിലവിൽ പ്രസവാവധിക്ക് അപേക്ഷിക്കുന്നത് സർവകലാശാലയിലേക്ക് നേരിട്ടാണ്.

അവധി നൽകിയ വിവരവും പിന്നീട് ക്ളാസിൽ പ്രവേശിക്കുന്നതും ആരോഗ്യസർവകലാശാല അധികൃതരെ പ്രിൻസിപ്പൽ അറിയിക്കണം. അവധിക്കനുസൃതമായി കോഴ്‌സിന്റെ കാലാവധി നീളും. അവധിക്കാലത്ത് ഫീസും അടയ്‌ക്കേണ്ട. അവധിക്കുശേഷം ആറ് മാസം പഠനം തുടർന്നശേഷമാണ് പരീക്ഷ എഴുതാൻ കഴിയുക. പരീക്ഷാ അവസരങ്ങൾ നഷ്ടമാകില്ല.

അവധിക്കു ശേഷം പരീക്ഷയെഴുതുന്നത് ആദ്യ ചാൻസായിത്തന്നെ കണക്കാക്കും. രണ്ടുമാസം അനുവദിക്കാനായിരുന്നു സർക്കാർ നിർദ്ദേശമെങ്കിലും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യസംരക്ഷണത്തിനായി 4 മാസം കൂടി അനുവദിക്കുകയായിരുന്നു.

വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗമാണ് തീരുമാനമെടുത്തത്.

ആർത്തവ അവധി അനുവദിക്കുന്നത് പരിശോധിക്കാൻ വിദഗ്ദ്ധസമിതിയെ ചുമതലപ്പെടുത്തിയതായും ഡോ. മോഹനൻ കുന്നുമ്മൽ കേരളകൗമുദിയോട് പറഞ്ഞു. 2023 - 24 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റും സെനറ്റിൽ അംഗീകരിച്ചു.