പറമ്പിക്കുളത്ത് 30 ഇനം പക്ഷിവർഗങ്ങൾ കൂടി

Tuesday 07 March 2023 12:00 AM IST

പാലക്കാട്: കടുവാസങ്കേതമായ പറമ്പിക്കുളം ടൈഗർ റിസർവിൽ മുപ്പത് പുതിയ ഇനം പക്ഷികളെ കണ്ടെത്തി. ഇതുൾപ്പെടെ 290 ഇനം പക്ഷികൾ പാലക്കാടും തൃശ്ശൂരിലുമായി വ്യാപിച്ചുകിടക്കുന്ന സങ്കേതത്തിലുണ്ട്.

അഞ്ഞൂറിലധികം ജീവികളെയും ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും (ടി.എൻ.എച്ച്.എസ്) ചില സർക്കാരിതര സംഘടനകളും വനംവകുപ്പിന്റെ സഹായത്തോടെ നാല് ദിവസം നടത്തിയ ജന്തുജാല സർവേയിൽ കണ്ടെത്തി.

മലമുഴക്കി വേഴാംമമ്പലിന്റെ നിരവധി കൂട്ടങ്ങളുണ്ട്. കറുത്ത കൊക്ക്, വരയൻ കൊക്ക്, കഴുകൻ പരുന്ത്, വെള്ളക്കണ്ണൻ പരുന്ത്, നീലച്ചെവിയൻ പൊന്മാൻ, ചെങ്കണ്ണൻ കുട്ടുറുവൻ, ചെമ്പുവാലൻ പാറ്റപിടിയൻ എന്നിവ പറമ്പിക്കുളത്ത് സജീവമായുണ്ട്.

12 ഇനം ഉരഗങ്ങളുടെയും കടുവ, പുള്ളിപ്പുലി, തേൻ കരടി, കാട്ടുപോത്ത്, പുള്ളിമാൻ, വെരുക്, ചെങ്കീരി എന്നിവയുടെയും അവാസകേന്ദ്രം കൂടിയാണ് ഈ കാനന സങ്കേതം.

പറമ്പിക്കുളം ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സുജിത്ത് സർവേ ഫ്ളാഗ് ഒഫ് ചെയ്തു. റേഞ്ച് ഓഫീസർമാരായ പി.വി. വിനോദ്, എം.എം. ബാബു, ബയോളജിസ്റ്റ് വിഷ്ണു വിജയൻ, ടി.എൻ.എച്ച്.എസ് റിസർച്ച് അസോസിയേറ്റ് ലേഷ് സദാശിവൻ എന്നിവർ സർവേക്ക് നേതൃത്വം നൽകി.

ചിത്രശലഭങ്ങൾ 285 ഇനം

പുതിയ 11 ഇനങ്ങൾ ഉൾപ്പെടെ 285 തരം ചിത്രശലഭങ്ങൾ പറമ്പിക്കുളത്തുണ്ട്. നാട്ടു മയൂരി, കരിയിലശലഭം, പുള്ളി നവാബ്, ഇരുളൻവേലി നീലി, നീല ചെമ്പൻ വെള്ളവരയൻ, മലബാർ മിന്നൽ എന്നിയാണ് ശ്രദ്ധേയമായവ. പശ്ചിമഘട്ടത്തിൽ പ്രാദേശികമായി കണ്ടുവരുന്ന മലബാർ റോസ്, മലബാർ രാവണൻ, പുള്ളിവാലൻ, സഹ്യാദ്രി ഗ്രാസ് യെല്ലോ, വനദേവത എന്നിവയും ഏറെയുണ്ട്.

30 ഇനം പുതിയ തുമ്പികൾ

പുഴുക്കടുവ, നീലചിന്നൻ, പത്തിപുൽ ചിന്നൻ, ചെങ്കറുപ്പൻ അരുവിയൻ, വയനാടൻ മുളവാലൻ എന്നിങ്ങനെ 30 ഇനം തുമ്പികളെയും പുതിയതായി കണ്ടെത്തി. ഇതോടെ സങ്കേതത്തിലെ തുമ്പിവർഗങ്ങളുടെ എണ്ണം 54 ആയി.