ഷുക്കൂർ വക്കീൽ നാളെ കെട്ട്യോളെ വീണ്ടും കെട്ടും
കാഞ്ഞങ്ങാട്: 'എന്നാ താൻ കേസ് കൊട്" സിനിമയിലൂടെ ശ്രദ്ധേയനായ ഷുക്കൂർ വക്കീൽ നാളെ വീണ്ടും വിവാഹിതനാകും. വധു സ്വന്തം ഭാര്യ തന്നെ.
മുസ്ളിം ദമ്പതികൾ സെപ്ഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നത് തങ്ങളുടെ സ്വത്ത് മുഴുവൻ മൂന്ന് പെൺമക്കൾക്കും നൽകാൻ വേണ്ടിയാണ്.
ഹൊസ്ദുർഗ് ബാറിലെ പ്രമുഖ അഭിഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമാണ് ഷുക്കൂർ. മഹാത്മാഗാന്ധി സർവ്വകലാശാല മുൻ പ്രൊ. വൈസ് ചാൻസിലറായ ഷീന ഷുക്കൂറാണ് ഭാര്യ. 1994 ഒക്‌ടോബർ 6നായിരുന്നു ഇസ്ലാം മതാചാര പ്രകാരം ഇവരുടെ വിവാഹം. നാളെ രാവിലെ 10ന് ഹൊസ്ദുർഗ് സബ് രജിസ്ട്രാർ മുമ്പാകെ സ്‌പെഷ്യൽ മാര്യേജ് ആക്ട് വകുപ്പ് 15 പ്രകാരമാണ് രണ്ടാം വിവാഹം. മുസ്ലിം പിന്തുടർച്ച നിയമമനുസരിച്ച് സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമേ പെൺമക്കൾക്ക് മാതാപിതാക്കളുടെ കാലശേഷം ലഭിക്കൂ. ആൺ മക്കളില്ലെങ്കിൽ ഒരോഹരി സഹോദരങ്ങൾക്ക് നൽകണം. സ്വത്ത് മക്കൾക്ക് തന്നെ ലഭ്യമാക്കാനുള്ള ഏകവഴി 1954ൽ പാർലിമെന്റ് അംഗീകരിച്ച സ്‌പെഷ്യൽ മാര്യേജ് ആക്ട് മാത്രമാണെന്ന് ഷുക്കൂർ പറയുന്നു.
'ഇസ്ലാം മതക്കാരുടെ പെൺമക്കൾ ലിംഗപരമായ വിവേചനം അനുഭവിക്കുന്നു. ഇത് മാറണം. വനിതാ ദിനം തന്നെ വിവാഹത്തിന് തിരഞ്ഞെടുത്തതും അതുകൊണ്ടാണ്
- അഡ്വ. ഷുക്കൂർ