കേന്ദ്രനിലപാട് സഹകരണ മേഖലയെ ദുർബലപ്പെടുത്തുന്നു: മന്ത്രി വാസവൻ

Tuesday 07 March 2023 1:45 AM IST

തിരുവനന്തപുരം: സഹകരണ മന്ത്രാലയം രൂപീകരിച്ച ശേഷം കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ സംസ്ഥാന സഹകരണ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. പ്രാഥമിക കാർഷിക വായ്പാസഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്ട്‌‌വെയർ തയാറാക്കുന്ന പദ്ധതി കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ചേരുന്നതിന് സംഘങ്ങളുടെ രഹസ്യഡേറ്റ വ്യക്തിപരമായ വിവരങ്ങളടക്കം കേന്ദ്രസെർവറിലേക്ക് അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം. സഹകരണ തത്വങ്ങൾക്ക് വിരുദ്ധമായി ഏകീകൃത ബൈലോ നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുകയാണ്. സഹകരണം സംസ്ഥാന വിഷയമാണെന്നിരിക്കെ, മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെന്ന പേരിൽ സ്ഥാപനങ്ങളാരംഭിച്ച് സംസ്ഥാന സഹകരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കേന്ദ്ര ശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് 'കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതി 2023' നടപ്പിലാക്കാൻ തീരുമാനിച്ചു. സഹകരണ മേഖലയിലെ ഡെപ്പോസിറ്റ് ഗ്യാരന്റി സ്‌കീം പരിഷ്‌കരിക്കുന്നതിനുള്ള നിർദ്ദേശം നിക്ഷേപ ഗ്യാരന്റി ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ബോർഡിന്റെ ശുപാർശയനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.