29 കോടിയ്‌ക്ക് 11 സ്കൂൾ കെട്ടിടങ്ങൾക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് 29കോടി രൂപ ചെലവിൽ 11സ്‌കൂൾ കെട്ടിടങ്ങൾ കൂടി നിർമ്മിക്കാൻ അനുമതിയായി. കിഫ്ബിയിൽ മൂന്നു കോടി ചെലവിൽ ഒൻപത് സ്കൂൾ കെട്ടിടങ്ങളും ഒരു കോടി ചെലവിൽ രണ്ട് സ്കൂൾ കെട്ടിടങ്ങളുമാണ് നിർമ്മിക്കുക. കാസർകോട്,കണ്ണൂർ,മലപ്പുറം ജില്ലകളിൽ രണ്ടു വീതവും കോഴിക്കോട്,മലപ്പുറം,തൃശൂർ,പാലക്കാട്,ആലപ്പുഴ,എറണാകുളം എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിർമ്മാണത്തിനായുള്ള തറക്കല്ലിടൽ ഉടൻ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
51കോടി രൂപ ചെലവിട്ട് നിർമ്മിച്ച 43സ്‌കൂൾ കെട്ടിടങ്ങളുടെ പണി പൂർത്തിയായി. കിഫ്ബിയിലെ മൂന്ന് കോടി രൂപ ചെലവിട്ട് പണിത നാല് സ്‌കൂൾകെട്ടിടങ്ങളും ഒരു കോടി ചെലവിൽ നിർമ്മിച്ച 14സ്‌കൂൾകെട്ടിടങ്ങൾക്കും പുറമെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എട്ട് സ്‌കൂൾകെട്ടിടങ്ങളും നബാർഡ് ഫണ്ടിലുള്ള അഞ്ച് സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായത്. സമഗ്ര ശിക്ഷ കേരളയുടെ ഫണ്ടിൽ മൂന്ന് കെട്ടിടങ്ങളും സജ്ജമായി. ഇവ സർക്കാരിന്റെ മൂന്നാം 100ദിന കർമ പരിപാടിയുടെ ഭാഗമായി ഉടൻ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.