അയ്യാവൈകുണ്ഠ സ്വാമി ജയന്തി ആഘോഷം 12 ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Tuesday 07 March 2023 12:52 AM IST

തിരുവനന്തപുരം: അനാചാരങ്ങൾക്കും അസമത്വത്തിനുമെതിരെ പോരാടിയ നവോത്ഥാന നായകൻ അയ്യാവൈകുണ്ഠസ്വാമിയുടെ 21ാമത് ജയന്തി കേരള നവോത്ഥാന സമിതിയുടെ നേതൃത്വത്തിൽ ആഘോഷിക്കുമെന്ന് കെ.എൻ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

12ന് ഞായറാഴ്ച ഉച്ചയ്ക്ക് 2ന് അയ്യൻകാളി ഹാളിൽ നടക്കുന്ന ജയന്തി ആഘോഷ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.എൻ.എസ് പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആർ.അനിൽ, അഡ്വ.ആന്റണി രാജു എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സ്വാമിത്തോപ്പ് മഠാധിപതി ഗുരു ബാലപ്രജാപതി അഡിഗളാർ, കെ.എൻ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ, സംസ്ഥാന ട്രഷറർ കെ.സോമപ്രസാദ് എക്സ് എം.പി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എ. നീലലോഹിതദാസൻ നാടാർ തുടങ്ങിയവർ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി 10ന് അയ്യാവൈകുണ്ഠ സ്വാമിയുടെ ജന്മസ്ഥലമായ കന്യാകുമാരി ജില്ലയിലെ സ്വാമിത്തോപ്പിൽ നിന്നും നവോത്ഥാന സമിതിയുടെ സംസ്ഥാന ട്രഷറർ അഡ്വ. കെ.സോമപ്രസാദ് എക്സ്.എം.പി നേതൃത്വം നൽകുന്ന ദീപശിഖായാത്ര ആരംഭിക്കും. കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകിട്ട് 6 ന് ശിങ്കാരത്തോപ്പിന് സമീപം കെ.എൻ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പിരാമഭദ്രൻ ദീപശിഖ ഏറ്റുവാങ്ങും.

വാർത്താസമ്മേളനത്തിൽ കെ.എൻ.എസ് സംസ്ഥാന ട്രഷറർ കെ.സോമപ്രസാദ് എക്സ് എം.പി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എ. നീലലോഹിതദാസൻ നാടാർ, ജില്ലാ പ്രസിഡന്റ് ആലുവിള അജിത്,ജില്ലാ സെക്രട്ടറി ചൊവ്വര സുനിൽ, സ്വാഗതസംഘം ജനറൽ കൺവീനർ എ.പി.വിനോദ്, വണ്ടിത്തടം മധു എന്നിവർ പങ്കെടുത്തു.