ബ്രഹ്മപുരത്തേത് തീവയ്പ്, കരാറുകാർ സി.പി.എം ബന്ധുക്കൾ: സതീശൻ

Tuesday 07 March 2023 12:00 AM IST

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യത്തിന് തീയിട്ടതാണെന്നും മാലിന്യം കത്തിച്ച കരാറുകാരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരാർ കാലാവധി പുതുക്കേണ്ട സമയമാണ്. അതുകൊണ്ടാണ് മാലിന്യത്തിന് തീയിട്ടത്. കോടികളുടെ അഴിമതിയാണ് നടന്നത്. കരാരുകാരെല്ലാം സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ടവരും അവരുടെ ബന്ധുക്കളുമാണ്. മാലിന്യം നീക്കം ചെയ്യാൻ പണം കൈപ്പറ്റിയ കരാറുകാർ അവിടെ ഒരു പണിയും ചെയ്തില്ല. മാലിന്യങ്ങൾ തരംതിരിച്ചിട്ടില്ല. എത്ര മാലിന്യം ഉണ്ടെന്ന് കണക്കില്ല. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടും സർക്കാരും കോർപറേഷനും മിണ്ടാതിരിക്കുകയാണ്.

ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് കളക്ടറുടെ നിർദ്ദേശം. സ്‌കൂളുകൾക്കും അവധി നൽകി. എന്നിട്ടും ഗൗരവതരമായ ഒരു പ്രശ്‌നവും അവിടെ ഇല്ലെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. എല്ലായിടത്തും വിഷപ്പുകയാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രശ്നത്തെ സർക്കാർ നിസാരവത്കരിക്കുകയാണെന്നും സതീശൻ പറഞ്ഞു.