എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷ ഏപ്രിൽ ആദ്യം നടത്തണം

Tuesday 07 March 2023 1:00 AM IST

തിരുവനന്തപുരം: നാല്, ഏഴ് ക്ളാസുകളിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പരീക്ഷകളായ എൽ.എസ്.എസും യു.എസ്.എസും കടുത്ത ചൂടിന്റെ സാഹചര്യത്തിൽ

ഏപ്രിൽ ആദ്യ വാരം നടത്തണമെന്ന ആവശ്യമുയരുന്നു.

സാധാരണ, ഫെബ്രുവരിയിൽ നടക്കുന്ന പരീക്ഷ ഇത്തവണ ഏപ്രിൽ 26നാണ്

നടത്തുന്നത്. വിദ്യാർത്ഥികൾ സെപ്തംബർ മുതൽ സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിച്ചതാണ്. നാല്, ഏഴ് ക്ളാസുകളിലെ 40 ശതമാനത്തോളം വിദ്യാർത്ഥികളും സ്കോളർഷിപ്പ് പരീക്ഷ എഴുതുന്നവരാണ്. ഒന്നാം പേപ്പർ രാവിലെ 10.15 മുതൽ 12 വരെയും രണ്ടാം പേപ്പർ ഉച്ചയ്ക്ക് 1.15 മുതൽ 3 വരെയുമാണ്.

നാല്, ഏഴ് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷയുടെ ഗ്രേഡ് അടിസ്ഥാനമാക്കിയാണ് പരീക്ഷാർത്ഥികളെ കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം പരീക്ഷ ജൂണിലായിരുന്നു . എന്നാൽ, ഇക്കുറി ഏപ്രിലിൽ ചൂട് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. ഒട്ടേറെ സ്‌കൂളുകളിൽ കുടിക്കാനോ പ്രാഥമികാവശ്യങ്ങൾക്ക് ഉപയോഗിക്കാനോ വെള്ളമില്ലാത്ത സ്ഥിതിയുമുണ്ട്.

പരീക്ഷകൾ ഏപ്രിൽ ആദ്യ വാരം നടത്തണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് എന്നിവർ ആവശ്യപ്പെട്ടു.

അതേ സമയം,നാല് വർഷത്തെ സ്കോളർഷിപ് തുകയായ 31 കോടി രൂപ വൈകാതെ

വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.