വരുമാന സർട്ടിഫിക്കറ്റില്ല: പത്തു ലക്ഷം പേരുടെ ക്ഷേമപെൻഷൻ തടയും,​ സർക്കാരിന് പ്രതിമാസ ലാഭം 142 കോടി

Tuesday 07 March 2023 4:03 AM IST

തിരുവനന്തപുരം: വരുമാന സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ പേരിൽ പത്തു ലക്ഷത്തിലേറെപേർക്ക്

സാമൂഹ്യക്ഷേമ പെൻഷൻ നഷ്ടമായേക്കും

സർക്കാരിന് പ്രതിമാസം142 കോടി രൂപ ലാഭിക്കാനാവും.

നിലവിൽ 62 ലക്ഷം പേരാണ് പ്രതിമാസം 1600 രൂപ വീതം പെൻഷൻ വാങ്ങുന്നത്. 2022 ഡിസംബർ വരെയുള്ള ക്ഷേമ പെൻഷനാണ് ഇതുവരെ വിതരണം ചെയ്തത്. സമയപരിധി കഴിഞ്ഞെങ്കിലും, വരുമാന സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ തദ്ദേശവകുപ്പിനു സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന മുറയ്ക്ക് പെൻഷൻ പുനഃസ്ഥാപിക്കുമെങ്കിലും കുടിശിക ലഭിക്കില്ല.

കർഷകത്തൊഴിലാളി , വാർദ്ധക്യ , വിധവ, ഭിന്നശേഷി , അവിവാഹിത പെൻഷൻ ഗുണഭോക്താക്കളിൽ കഴിഞ്ഞ 28നകം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരാണ് പെൻഷൻ പട്ടികയിൽ നിന്നു പുറത്താകുന്നത്. 2019 ലെ പെൻഷൻ ഗുണഭോക്താക്കളിൽ ഏകദേശം 32 ലക്ഷം പേരാണ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളതെന്നാണ് പ്രാഥമിക കണക്കുകൾ.

വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ പിൻമാറിയെന്നാണ് സർക്കാർ അനുമാനിക്കുന്നത്. അവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ല.

Advertisement
Advertisement