ഇന്ന് പൊങ്കാലപ്പുണ്യം, ആറ്റുകാലമ്മയ്ക്ക് ഇന്ന് സ്ത്രീലക്ഷങ്ങളുടെ പൊങ്കാല

Tuesday 07 March 2023 4:07 AM IST

തിരുവനന്തപുരം: സ്ത്രീ ലക്ഷങ്ങൾ തലസ്ഥാന നഗരമാകെ അടുപ്പുകൂട്ടി ഇഷ്ടവരദായിനി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ കാത്തിരിക്കുന്നു. ഇന്നു രാവിലെ 10.30നാണ് ആ ധന്യ മുഹൂർത്തം.

പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുമ്പോൾ അനന്തപുരി യാഗഭൂമിയാകും. വെള്ളപ്പൊങ്കൽ,​ കടും പായസം,​ തെരളി,​ മണ്ടയപ്പം... അമ്മയുടെ ഇഷ്ട വിഭവങ്ങൾ ഒന്നൊന്നായി ഒരുങ്ങും. ഭക്തലക്ഷങ്ങൾക്ക് കുടിനീരും ഭക്ഷണവും നൽകാൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും മത്സരിക്കും. എല്ലാം മംഗളമാക്കാൻ പൊലീസും ഫയർഫോഴ്സും ആരോഗ്യവകുപ്പും നഗരസഭയുമൊക്കെ സർവസജ്ജം.

ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ നാൾ തൊട്ട് വ്രതമനുഷ്ഠിച്ച് ശുദ്ധിനേടിയ ശരീരവും മനസുമായാണ് ഏവരുടെയും വരവ്. സ്വകാര്യ വാഹനങ്ങളിലും ബസിലും ട്രെയിനിലുമായെത്തിയ അന്യജില്ലക്കാർ ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളും ഇടവഴികളുമൊക്കെ കൈയടക്കി. തമിഴ്നാട്, കർണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും ഭക്ത‌ർ എത്തിയിട്ടുണ്ട്. കൂടാതെ വിദേശികളും.

10.3ന് ആരംഭം;

2.30ന് നിവേദ്യം

 പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം രാവിലെ 10.30ന് അടുപ്പു വെട്ട്

 തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് ദീപം പകരും

 വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിക്കുന്നത് മേൽശാന്തി പി.കേശവൻ നമ്പൂതിരി

 ദീപം പണ്ടാര അടുപ്പിലേക്ക് പകരുന്നത് സഹ മേൽശാന്തി

 ചെണ്ടമേളവും മൈക്കിലൂടെ അറിയിപ്പും കേട്ടശേഷമേ അടുപ്പുകളിൽ തീപകരാവൂ

 2.30ന് നിവേദ്യം. തീർത്ഥം തളിക്കാൻ 300 ശാന്തിക്കാർ

 നിവേദ്യ സമയത്ത് മൂന്ന് സെസ്ന വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടി

 രാത്രി 7.45ന് കുത്തിയോട്ടത്തിന് ചൂരൽക്കുത്ത്, 10.15ന് പുറത്തെഴുന്നള്ളത്ത്

ബന്ധപ്പെടാം

ക്ഷേത്രത്തിലെ പൊലീസ് കൺട്രോൾ റൂം

0471 72778943

പൊലീസ്

9497930055 9497957002 9497990005

ആരോഗ്യം

ദിശ 104, 1056, 0471 2552056

ഫയർഫോഴ്സ്

101

വാട്ടർഅതോറിട്ടി

8547697340

കോർപറേഷൻ

9188909429

9188909427

കോർപറേഷൻ ജലവിതരണം

0471 2473832

കോർപറേഷൻ ആംബുലൻസ്

6282521677

7902535601

8547969612