തിരുവല്ല നഗരസഭ തിരിച്ചുപിടിച്ച് യു.ഡി.എഫ് ; അനു ജോർജ് അദ്ധ്യക്ഷ

Tuesday 07 March 2023 12:21 AM IST
തിരുവല്ല നഗരസഭാദ്ധ്യക്ഷയായി തിരഞ്ഞെടുത്ത അനു ജോർജ്

തിരുവല്ല : പത്ത് മാസങ്ങൾക്കുശേഷം തിരുവല്ല നഗരസഭയുടെ ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഇന്നലെ നടന്ന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധി അനു ജോർജ് പുതിയ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 39 അംഗങ്ങളിൽ 32 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. ഇതിൽ 17 വോട്ടുകൾ അനു ജോർജ്ജിന് ലഭിച്ചു. എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ ലിൻഡാ തോമസിന് 15 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ബി.ജെ.പിയിലെ ആറ് അംഗങ്ങളും എസ്.ഡി.പി.ഐ അംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.രേണുകാഭായി വരണാധികാരിയായിരുന്നു.

ശാന്തമ്മ വർഗീസിന്റെ വോട്ട് യു.ഡി.എഫിന്

ഒന്നരവർഷത്തെ ഭരണത്തിന് ശേഷം യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധി ബിന്ദു ജയകുമാർ മുൻധാരണപ്രകാരം രാജിവച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗമായ ശാന്തമ്മ വർഗീസിനെ അടർത്തിയെടുത്ത് എൽ.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ എൽ.ഡി.എഫുമായി അസ്വാരസ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് ശാന്തമ്മ വർഗീസ് കഴിഞ്ഞ ഫെബ്രുവരി ആറിന് രാജിവച്ചു. ഇതേത്തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശാന്തമ്മ വർഗീസ് ഇന്നലത്തെ വോട്ടെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി സെക്രട്ടറി അഡ്വ.എൻ.ഷൈലാജ്, കേരളാകോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ എന്നിവർ കൗൺസിൽ ഹാളിലെത്തി അനു ജോർജിനെ അഭിനന്ദിച്ചു.

രാമഞ്ചിറ 36 ാം വാർഡ് കൗൺസിലറാണ് അനു ജോർജ്ജ്. 2010 മുതൽ കൗൺസിലറായ അനു ജോർജ് 2020 കാലയളവിൽ വൈസ് ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ് ജോർജ്ജ് വർഗീസ് (കൊച്ചുമോൻ). മകൻ: ജിബിൻ (യു.എ.ഇ).