സംഘടിത മതശക്തികൾ രാജ്യത്തെ നയിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നു : വെളളാപ്പള്ളി

Tuesday 07 March 2023 12:51 AM IST
എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പ​ന്ത​ളം​ ​യൂ​ണി​യ​നി​ലെ​ 978​-ാം​ ​ന​മ്പ​ർ​ ​മു​ടി​യൂ​ർ​ക്കോ​ണം​ ​ശാ​ഖ​യു​ടെ​ ​ഗു​രു​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​കൃ​ഷ്ണ​ശി​ല​യി​ൽ​ ​ തീ​ർ​ത്ത​ ​ഗു​രു​ദേ​വ​ ​വി​ഗ്ര​ഹ​ത്തി​ന്റെ​ ​പ്ര​തി​ഷ്ഠ​യ്ക്കു​ശേ​ഷം​ ​നടന്ന ക്ഷേ​ത്ര​സ​മ​ർ​പ്പ​ണ ​സ​മ്മേ​ള​നം​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള​ളി​ ​ ന​ടേ​ശ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

പന്തളം : സംഘടിത മതശക്തികൾ ഒന്നായി നിന്നുകൊണ്ട് രാജ്യത്തെ നയിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതായി എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ 978-ാം മുടിയൂർക്കോണം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ കൃഷ്ണശിലയിൽ തീർത്ത ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രസമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആദർശം മുറുകെപ്പിടിച്ചിരുന്ന രാഷ്ട്രീയ പാർട്ടികൾപോലും മതശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഭരണത്തിലേറാൻ മത്സരിക്കുന്ന ദുരവസ്ഥയാണുള്ളത്. എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാടുകളിൽ നിന്ന് വാർഷിക പൊതുയോഗമോ കൗൺസിലോ ബോർഡോ മാറിയിട്ടില്ല. നായാടി മുതൽ നമ്പൂതിരി വരെയുളളവർ ഒരുമിക്കണമെന്ന നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പളളി അദ്ധ്യക്ഷതവഹിച്ചു. സ്വാമി അസ്പർശാനന്ദ, സ്വാമി ശിവബോധാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സിനിമാതാരങ്ങളായ ദേവനന്ദ, ആദിത്യ സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, പന്തളം മുൻസിപ്പൽ ചെയർപേഴ്‌സൺ സുശീല സന്തോഷ്, യോഗം ഇൻസ്പക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ, കായംകുളം യൂണിയൻ പ്രസിഡന്റ് ചന്ദ്രദാസ്, പന്തളം യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സുരേഷ് മുടിയൂർക്കോണം, യൂണിയൻ കൗൺസിലർമാരായ അനിൽ ഐസെറ്റ്, രാജീവ് മങ്ങാരം, എസ്.ആദർശ്, സുധാകരൻ, ഡോ.പുഷ്പാകരൻ, ശാഖാ സെക്രട്ടറി അജയൻ മലമേൽ, വനിതാസംഘം യൂണിയൻ സെക്രട്ടറി സുമാ വിമൽ, കേന്ദ്രസമിതിയംഗം വിജയമ്മ കുഞ്ഞികൃഷ്ണൻ, രക്ഷാധികാരി രാജൻ ദൈവത്തിൻവീട്, വനിതാസംഘം ശാഖാ പ്രസിഡന്റ് സുധാപ്രഭാകരൻ, വൈസ് പ്രസിഡന്റ് രാജശ്രീ സുരേഷ്, സെക്രട്ടറി മോഹനാ ഉദയൻ, കമ്മിറ്റി അംഗം മുരളി , മാവേലിക്കര യൂണിയൻ കൺവീനർ ഗോപൻ ആഞ്ഞിലപ്ര എന്നിവർ പ്രസംഗിച്ചു. പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് സ്വാഗതവും ശാഖാ പ്രസിഡന്റ് സുകുസുരഭി നന്ദിയും പറഞ്ഞു.

ശ്രീനാരായണ ഗുരുദേവ കീർത്തനങ്ങൾ അലയടിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് മദ്ധ്യാഹ്നസൂര്യനെ സാക്ഷിയാക്കി ശിവഗിരിമഠത്തിലെ സ്വാമി അസ്പർശാനന്ദ, കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രതന്ത്രി സുജിത്ത് കൃഷ്ണശിലാ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നിർവഹിച്ചത്. തുടർന്ന് യോഗം ജനറൽ സെക്രട്ടറി ഉൾപ്പടെ യോഗത്തിന്റെയും യൂണിയന്റെയും ശാഖയുടെയും ഭാരവാഹികളും ശ്രീനാരായണ ഭക്തരും ക്ഷേത്രസന്നിധിയിൽ പ്രാർത്ഥാനാ നിരതരായി. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സുരേഷ് മുടിയൂർക്കോണമാണ് ക്ഷേത്രം നിർമ്മിച്ചു നൽകിയത്. ഗുരുവിന്റെ കൃഷ്ണശിലാ വിഗ്രഹം സുരേന്ദ്രൻ മലമേലും നൽകി.