പാൽ നിറത്തിലൊഴുകി പെരിയാർ

Tuesday 07 March 2023 12:25 AM IST
പാതാളം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പെരിയാർ പാൽ നിറത്തിലൊഴുകുന്നു

കളമശേരി: പാതാളം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പെരിയാർ ഇന്നലെ പാൽ നിറത്തിലൊഴുകി. അറവുമാലിന്യസംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള കൊഴുപ്പും പാടയുമാണ് മുകൾ പരപ്പിലുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച കരി നിറത്തിലായിരുന്നു പെരിയാർ. നാട്ടുകാർ വിളിച്ചറിയിക്കുമ്പോൾ പി.സി.ബി. ഉദ്യോഗസ്ഥരെത്തി സാംപിൾ ശേഖരിച്ചു മടങ്ങുന്നതല്ലാതെ നടപടികളൊന്നും ഉണ്ടാകാറില്ല. കടുങ്ങല്ലൂരിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നാണ്.

മാസങ്ങളായി ഏലൂർ എടയാർ പ്രദേശത്ത് വായു മലിനീകരണവും അതിരൂക്ഷമാണ്. ദുർഗന്ധവും ശ്വാസംമുട്ടലും ഛർദ്ദിയും പതിവായതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ സമരങ്ങളും ഉപരോധവുമായിരുന്നു.