മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കും: മന്ത്രി രാജേഷ്
തിരുവനന്തപുരം: കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ 500ടൺ ശേഷിയുള്ള വേസ്റ്റ് ടു എനർജി പ്ലാന്റും 200 ടണ്ണിന്റെ ജൈവവള യൂണിറ്റും ഉടൻ സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. മാലിന്യപ്രശ്നത്തിൽ അടിയന്തര പ്രാധാന്യത്തോടെ ഇടപെടും. 2026ൽ സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ബ്രഹ്മപുരത്തെ 40.23 ഏക്കർ ഭൂമിയിൽ 5.59 ക്യുബിക് മീറ്റർ മാലിന്യമാണുണ്ടായിരുന്നത്. ഇതിൽ 30ശതമാനം ബയോ മൈനിംഗിലൂടെ നീക്കി. കഴിഞ്ഞ സെപ്തംബറിൽ തീരേണ്ടിയിരുന്ന മാലിന്യസംസ്കരണ കാലാവധി ജൂൺവരെ നീട്ടി നൽകിയിരുന്നു. 24മണിക്കൂറും ബയോമൈനിംഗ് നടത്താനും നിർദ്ദേശിച്ചിരുന്നു. മാലിന്യസംസ്കരണത്തിൽ കരാറുകാർ വീഴ്ച വരുത്തിയോയെന്ന് പരിശോധിക്കും.
ബ്രഹ്മപുരത്തെ തീ ഏറെക്കുറേ അണച്ചു. ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇതുവരെയുണ്ടായിട്ടില്ല. 24മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലെടുക്കും. തീപിടിത്തതിന്റെ കാരണം കണ്ടെത്താൻ പൊലീസടക്കമുള്ള ഏജൻസികളുടെ അന്വേഷണമുണ്ട്. ഉയർന്ന അന്തരീക്ഷ താപനിലയും ഒരു കാരണമാണ്- മന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ കരാറെടുത്തവർ വീഴ്ചവരുത്തിയെന്ന് സബ്മിഷൻ അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കരാർ കാലാവധി കഴിഞ്ഞിരുന്നു. കരാർ നീട്ടാനുള്ള പരിശോധന നടത്തിയാൽ മാലിന്യം സംസ്കരിച്ചിട്ടില്ലെന്ന് മനസിലാവുമെന്നതിനാൽ മനഃപൂർവ്വം തീപിടിത്തം ഉണ്ടാക്കിയതാണ്. ഇതിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.