സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു

Tuesday 07 March 2023 12:29 AM IST

പത്തനംതിട്ട : താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മൂന്നു മുതൽ ഏപ്രിൽ 30 വരെ ലേബർ കമ്മി​ഷണർ പുനക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമകൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ചട്ട ലംഘനം അറിയിക്കാം. ഫോൺ : 0468 - 2222234, 8547655259.