വനിതാ പ്രിമിയർ ലീഗ് : മുംബയ്ക്ക് വമ്പൻ ജയം
മുംബയ് : വനിതാ പ്രിമിയർ ലീഗിൽ രണ്ടാം ജയവുമായി മുംബയ് ഇന്ത്യൻസ്. ഇന്നലെ നടന്ന മത്സരത്തിൽ ആർ.സി.ബി വനിതകളെയാണ് മുംബയ്ക്കാരികൾ കീഴടക്കിയത്. ഒമ്പത് വിക്കറ്റിന്റെ വമ്പൻ ജയമാണ് ഹർമൻപ്രീത് കൗറും കൂട്ടരും നേടിയെടുത്തത്.
ഇന്നലെ ആദ്യം ബാറ്റുചെയ്ത ആർ.സി.ബിയെ 155 റൺസിൽ ഒതുക്കിയശേഷം 14.2 ഒാവറിൽ ഒരൊറ്റ വിക്കറ്റ് നഷ്‌ടത്തിൽ മുംബയ് വിജയിക്കുകയായിരുന്നു. അർദ്ധസെഞ്ച്വറികൾ നേടിയ ഹെയ്ലി മാത്യൂസും (38 പന്തുകളിൽ പുറത്താവാതെ 77 റൺസ്) നാറ്റ് ഷീവർബ്രണ്ടും(29 പന്തുകളിൽ പുറത്താവാതെ 55 റൺസ് ) ചേർന്നാണ് മുംബയ്ക്ക് ഗംഭീര ചേസിംഗ് വിജയം സമ്മാനിച്ചത്. നേരത്തേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹെയ്‌ലി മാത്യൂസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അമേലിയ കേറും സെയ്ക ഇഷാക്കും ചേർന്നാണ് ആർ.സി.ബിയെ 155 റൺസിൽ ഒതുക്കിയത്. ആൾറൗണ്ട് മികവിലൂടെ ഹെയ്‌ലി മാത്യൂസ് പ്ളേയർ ഒഫ് ദ മാച്ചായി.
ആവേശപ്പോരിൽ ജയിച്ച് യു.പി വാരിയേഴ്സ്
വനിതാ പ്രിമിയർ ലീഗിൽ കഴിഞ്ഞരാത്രി അവസാന ഓവർ വരെ ആവേശം കണ്ട മത്സരത്തിൽ ഗുജറാത്ത് ജയന്റ്‌സിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് യു.പി വാരിയേഴ്‌സ്. ഗുജറാത്ത് ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് യുപി മറികടന്നത്. അവസാന ഓവറിൽ ജയിക്കാൻ 19 റൺസ് വേണ്ടിയിരുന്ന യു.പി അഞ്ച് പന്തിൽ നിന്നുതന്നെ ലക്ഷ്യത്തിലെത്തി.
ഒരു ഘട്ടത്തിൽ ഏഴിന് 105 റൺസെന്ന നിലയിൽ തകർന്ന യു.പിയെ എട്ടാം വിക്കറ്റിൽ ഒന്നിച്ച ഗ്രേസ് ഹാരിസ് - സോഫി എക്ലെസ്റ്റോൺ സഖ്യമാണ് വിജയത്തിലെത്തിച്ചത്. 26 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 59 റൺസോടെ പുറത്താകാതെ നിന്ന ഗ്രേസാണ് ടോപ് സ്‌കോറർ. സോഫി എക്ലെസ്റ്റോണ്‍ 12 പന്തിൽ 22 റൺസോടെ പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗുജറാത്ത് ജയന്റ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയായിരുന്നു ഇത്.