അഗ്സയുടെ സൈക്കിളിന് അഞ്ച് പൊൻചക്രങ്ങൾ

Monday 06 March 2023 11:36 PM IST

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച സൗത്ത് സോൺ വിമൻസ് ലീഗ് സൈക്ളിംഗിൽ അഞ്ച് സ്വർണമുൾപ്പടെ ഏഴുമെഡലുകളുമായി കേരളത്തിന്റെ അഭിമാനമുയർത്തി ഇടുക്കിക്കാരിയായ അഗ്സആൻ തോമസ്.ട്രാക്കിലും റോഡിലുമായി നടന്ന മത്സരങ്ങളിൽ അഞ്ചു സ്വർണവും ഓരോ വെള്ളിയും വെങ്കലവുമാണ് അഗ്സ നേടിയത്. ലീഗിൽ ഒൻപത് സ്വർണവുമായി കേരളം രണ്ടാമതെത്തിയപ്പോൾ അതിൽ പകുതിയിലേറെയും നേടിക്കൊടുത്തത് ഈ 17കാരിയാണ്.

സ്ക്രാച്ച് റേസ്,സ്പ്രിന്റ്,ഇൻഡിവിജ്വൽ പർസ്യൂട്ട് എന്നീ ട്രാക്ക് ഇനങ്ങളിൽ സ്വർണം നേടിയ അഗ്സ റോഡിൽ സൈക്കിളുമായി ഇറങ്ങി മാസ് സ്റ്റാർട്ടിലും ടൈം ട്രയലിലും പൊന്നണിഞ്ഞു. ട്രാക്കിൽ ടൈം ട്രയലിൽ വെള്ളിയും കിരേൻ റേസിൽ വെങ്കലവും നേടി. ജൂനിയർ തലത്തിൽ നിരവധി മെഡലുകൾ നേടിയിരുന്ന അഗ്സ കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിൽ കിരേൻ റേസിൽ വെള്ളി നേടിയിരുന്നു.ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിലും മെഡൽ ജേതാവായിരുന്നു.

നേരത്തേ സ്പോർട്സ് കൗൺസിലിന്റെ ഹോസ്റ്റലിലായിരുന്ന അഗ്സ ഒരു വർഷമായി കാര്യവട്ടം എൽ.എൻ.സി.പി.ഇയിലാണ് പരിശീലിക്കുന്നത്.മുൻ ദേശീയ താരം വി.രജനിയാണ് കോച്ച്. ഭാവിയിൽ അന്താരാഷ്ട്ര തലത്തിൽ മെഡൽ നേടാൻ ശേഷിയുള്ള താരമാണ് അഗ്സയെന്ന് രജനി പറയുന്നു. ഇടുക്കി ചേറ്റുകുഴിയിൽ പച്ചക്കറിക്കട നടത്തുന്ന പി.യു തോമസിന്റെയും ബിന്ദു തോമസിന്റെയും മകളാണ് അഗ്സ.

മെഡൽ വേട്ടയ്ക്ക്

കൂട്ട് അനിയത്തി

വിമൻസ് ലീഗിൽ മെഡൽ നേടിയവരിൽ അഗ്സയുടെ അനിയത്തി അനക്സിയ തോമസും ഉണ്ടായിരുന്നു. അണ്ടർ16 വിഭാഗത്തിൽ രണ്ടുവീതം വെള്ളിയും വെങ്കലവും നേടിയ അനക്സിയയും എൽ.എൻ.സി.പി.ഇയിലാണ് പരിശീലിക്കുന്നത്.

Advertisement
Advertisement