മാഞ്ചസ്റ്ററിന്റെ നെഞ്ചത്ത് ലിവർപൂളിന്റെ ഏഴടി

Monday 06 March 2023 11:38 PM IST

ലിവർപൂൾ 7-0ത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു

സലാ,കോഡി ഗാപ്കോ,ന്യൂനസ് എന്നിവർക്ക് ഇരട്ട ഗോളുകൾ

ലിവർപൂൾ ആറുഗോളുകളും അടിച്ചത് രണ്ടാം പകുതിയിൽ

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിന്റെ ചരിത്രത്തിൽത്തന്നെ ഏറ്റവും കടുത്തതോൽവികളിലൊന്ന് ലിവർപൂളിൽ നിന്ന് ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏഴുഗോളുകൾക്കാണ് ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തരിപ്പണമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ പിണങ്ങിപ്പോയതിന് ശേഷം മികച്ച വിജയങ്ങളിലൂടെ മാഞ്ചസ്റ്ററിനെ മുന്നോട്ടുനയിച്ച പരിശീലകൻ എറിക് ടെൻ ഹാഗിന് കിട്ടിയ കനത്തപ്രഹരം കൂടിയായി ഈ തോൽവി.

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്നിരുന്ന ലിവർപൂൾ രണ്ടാം പകുതിയിലാണ് ആറുഗോളുകൾകൂടിയടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നാണംകെടുത്തിയത്.സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ മുഹമ്മദ് സലാ,കോഡി ഗാപ്കോ,ഡാർവിൻ ന്യൂനസ് എന്നിവർ നേടിയ ഇരട്ട ഗോളുകളും റോബർട്ടോ ഫിർമിനോയുടെ ഗോളുമാണ് ലിവർപൂളിന് വിജയം നൽകിയത്.

ഈ വിജയത്തോടെ 25 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി ലിവർപൂൾ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇത്രതന്നെ മത്സരങ്ങളിൽ 49 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്. 26 മത്സരങ്ങളിൽ 63 പോയിന്റുള്ള ആഴ്സനലാണ് ഒന്നാം സ്ഥാനത്ത്.മാഞ്ചസ്റ്റർ സിറ്റി 58 പോയിന്റുമായി രണ്ടാമതുണ്ട്.

ആൻഫീൽഡിലെ ഗോളടിമേളം

1-0

43-ാം മിനിട്ട്

കോഡി ഗാപ്കോ

2-0

47-ാം മിനിട്ട്

ഡാർവിൻ ന്യൂനസ്

3-0

50-ാം മിനിട്ട്

കോഡി ഗാപ്കോ

4-0

66-ാം മിനിട്ട്

മുഹമ്മദ് സലാ

5-0

75-ാം മിനിട്ട്

ഡാർവിൻ ന്യൂനസ്

6-0

83-ാം മിനിട്ട്

മുഹമ്മദ് സലാ

7-0

88-ാം മിനിട്ട്

റോബർട്ടോ ഫിർമിനോ

129

പ്രീമിയർ ലീഗിൽ ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കാഡ് മുഹമ്മദ് സല കരസ്ഥമാക്കി. 128 ഗോളുകളുള്ള ഇതിഹാസതാരം റോബി ഫൗളറിനേയാണ് സല മറികടന്നത്.

1908

ന് ശേഷം ആദ്യമായാണ് മൂന്ന് ലിവർപൂൾ താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ രണ്ടോ അതിലധികമോ ഗോൾ നേടുന്നത്.

7-0

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂൾ നേടുന്ന ഏറ്റവും ഉയർന്ന വിജയമാർജിനാണ് ഇത്. 1895ൽ നേടിയിരുന്ന 7-1ന്റെ മാർജിനാണ് യൂർഗൻ ക്ളോപ്പും സംഘവും മറികടന്നത്.

19

പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കൂടുതൽ തോൽവികൾ വഴങ്ങിയിരിക്കുന്നത് ലിവർപൂളിനോടാണ്.

7

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ തങ്ങളുടെ കഴിഞ്ഞ ഏഴ് ഹോം മാച്ചുകളിലും തോൽവി അറിയാത്ത ടീമാണ് ലിവർപൂൾ.